HOME
DETAILS
MAL
സന്ന്യസ്ത വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മാതാവ്
backup
May 13 2020 | 03:05 AM
സ്വന്തം ലേഖകന്‍
തിരുവല്ല: സന്ന്യസ്ത വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണത്തില്‍ പ്രതികരിച്ച് മാതാവ്. പൊലിസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ വിദഗ്ധാന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവല്ലയില്‍ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സന്ന്യസ്ത വിദ്യാര്‍ഥിനി ദിവ്യ പി.ജോണിന്റെ മാതാവ് കൊച്ചുമോള്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
സംഭവത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ട്. ആത്മഹത്യയെന്ന നിഗമനത്തില്‍ തുടരുന്ന പൊലിസ് അന്വേഷണം എങ്ങനെയെന്ന് വ്യക്തമായശേഷം തുടര്‍നടപടി സ്വീകരിക്കും. പൊലിസിന്റെയും കന്യാസ്ത്രീകളുടെയും അഭിപ്രായങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നില്ല. തങ്ങള്‍ പരാതി കൊടുത്തിട്ടില്ലെങ്കിലും മറ്റ് വേണ്ടപ്പെട്ടവര്‍ പരാതിപ്പെട്ടുകഴിഞ്ഞു. പൊലിസ് അന്വേഷണം നടക്കട്ടെ. പൊലിസിന് അന്തിമ നിഗമനത്തിലെത്താന്‍ സമയം നല്‍കണമല്ലോ. മകളുടെ മരണത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തങ്ങളെ ഏറെ വേദനിപ്പിക്കുന്നതാണ്. മരണസമയത്തെ മകളുടെ വസ്ത്രധാരണത്തെപ്പറ്റി വളരെ മോശമായ രീതിയിലുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ദിവ്യയെ കൊന്നുതള്ളിയതാണെന്നുവരെ ഒരു തെളിവുമില്ലാതെ പ്രചാരണം നടക്കുന്നു. ഇത് വേദനാജനകമാണ്. ചില ദുഷ്ടമനസുകളാണ് ഇതിനുപിന്നില്‍. അപ്രതീക്ഷിതമായി മകളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന തങ്ങളെ ഇത്തരം പ്രചാരണങ്ങള്‍ ഭ്രാന്തുപിടിപ്പിക്കുന്നതായും കൊച്ചുമോള്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച 11.30ഓടെയാണ് സി.ആര്‍.പി.എഫ് ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥന്‍ ചുങ്കപ്പാറ തടത്തേമലയില്‍ പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ജോണ്‍ ഫിലിപ്പോസ് - കൊച്ചുമോള്‍ ദമ്പതികളുടെ മകള്‍ ദിവ്യ പി. ജോണ്‍ (21) നെ മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാകാമെന്നായിരുന്നു തിരുവല്ല പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് തൊട്ടുമുന്‍പ് നടന്ന പഠനക്ലാസില്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോര്‍ജിയ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ദിവ്യ കിണറ്റില്‍ച്ചാടിയെന്നാണ് കന്യാസ്ത്രീകളുടെ മൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷവും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു പൊലിസിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."