കള്ളന്മാരെ പിടിക്കാന്‍ സൗജന്യ ഉപകരണങ്ങളുമായി പൊന്നാനി പൊലിസ്
എടപ്പാള്‍: പൊന്നാനി സ്റ്റേഷന് പരിധിയില്‍ മോഷണശ്രമങ്ങള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കള്ളന്മാരെ പിടികൂടുന്നതിനായി പൊന്നാനി പൊലിസ് പുതിയ പദ്ധതി ആവിഷ്കരിച്ചു. പൊന്നാനി എസ്.ഐ ശശിധരന് മേലയിലിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. അടച്ചിട്ട വീടുകളിലാണ് കൂടുതലായും മോഷണ ശ്രമങ്ങള്‍ നടക്കുന്നതെന്നതിനാല്‍ വീട് അടച്ചിട്ടു പോകുന്ന വീട്ടുടമസ്ഥര്‍ വിവരം പൊലിസ് സ്റ്റേഷനില്‍ അറിയിക്കണം. അപ്പോള്‍ തന്നെ ഈ വീടുകളില്‍ വിവിധ സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി സ്ഥാപിച്ചു കൊടുക്കുന്നതാണ് പദ്ധതി. വീടിനുള്ളില്‍ ആളുകള്‍ പ്രവേശിക്കുന്ന സമയം കോമ്പൗണ്ടണ്ടില് അലാറം മുഴക്കി മുന്നറിയിപ്പ് കൊടുക്കുന്ന'മോഷന്‍ സെന്‍സര്‍', അടച്ചിട്ട വാതില്‍ തുറക്കുമ്പോള്‍ ഇത്തരത്തില്‍ തന്നെ അലര്‍ട്ട് മെസേജ് തരുന്ന 'ഡോര്‍ ഓപ്പണിങ് അലാം' എന്നിവയും രാത്രിയിലും ദൃശ്യങ്ങള്‍ വ്യക്തമായി റെക്കോര്‍ഡ് ചെയ്യുന്ന കാമറകളുമാണ് പൊലിസ് സ്ഥാപിച്ചു കൊടുക്കുന്നത്.
'മോഷന്‍ സെന്‍സര്‍'ഉപകരണം വീട്ടിലെ ഫോണ്‍ ലൈനുമായി കണക്ട് ചെയ്താല്‍ പൊലിസ് സ്റ്റേഷനിലേയും വീട്ടുടമസ്ഥന്റെയും അയല്‍വീട്ടുകാരുടെയും ബന്ധുക്കളുടെയും അടക്കം അഞ്ചു നമ്പറുകളിലേക്ക് ഓട്ടോമാറ്റിക് ആയി കോള്‍ പോകുന്നതിനുള്ള സംവിധാനമാണ്. 'ഡോര്‍ ഓപ്പണിങ് അലാം'സ്ഥാപിച്ചാല്‍ വാതില്‍ തുറക്കുമ്പോള്‍ അടുത്തവീട്ടില്‍ അലാറം മുഴങ്ങും. ഈ സംവിധാനങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥിരമായി സ്ഥാപിക്കാന്‍ താല്പര്യമുള്ളവര്ക്ക് എറ്റവും കുറഞ്ഞ നിരക്കില്‍ പൊലിസ് ഒരുക്കി ക്കൊടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. പൊലിസ് സ്റ്റേഷന് നമ്പറുകള്‍ 0494 2666 037,9895328452,9497980679,9809313830.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."