ലണ്ടനില്‍ നിന്ന് ചൈനയിലേക്കുള്ള ആദ്യ ചരക്കുവണ്ടി പുറപ്പെട്ടു
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രെക്സിറ്റ് നടത്തിയതിനു പിന്നാലെ ബ്രിട്ടന്റെ അതിജീവന വഴികള്‍ നീളുന്നത് ചൈനയിലേക്കും. ചൈനയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യ ചരക്കു ട്രെയിന്‍ യാത്ര തുടങ്ങി.
കിഴക്കന്‍ ലണ്ടനിലെ ഇസക്സില് നിന്നാണ് ഇന്നലെ ട്രെയിനിന്റെ യാത്ര തുടങ്ങിയത്. 75,000 മൈല്‍ യാത്ര ചെയ്ത് 17 ദിവസം കൊണ്ടാണ് ട്രെയിന്‍ ചൈനയിലെത്തുക. ഏപ്രില്‍ 27ന് ട്രെയിന്‍ ചൈനയിലെ യിവുവിലെത്തുമെന്ന് ലണ്ടന്‍ റെയില്‍വെ അധികൃതര്‍ പറഞ്ഞു.
വിസ്കി, ശീതള പാനീയങ്ങള്‍, വിറ്റാമിനുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ട്രെയിന്‍ യാത്ര തിരിക്കുന്നത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ബെലാരസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകും. 30 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.
ചൈനയിലെ പ്രധാന മാര്‍ക്കറ്റായ യുവാനിലെ വിപണി പിടിച്ചെടുക്കാനാണ് ചരക്കുട്രെയിന്‍ വഴി ബ്രിട്ടന് ലക്ഷ്യമിടുന്നത്.
വ്യാപാരമേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കാനാണ് ട്രെയിന്‍ സര്‍വീസ് വഴി ബ്രിട്ടന് ലക്ഷ്യമിടുന്നത്. ജനുവരിയിലാണ് ചൈനയില്‍ നിന്ന് ആദ്യ ചരക്ക് ട്രെയിന്‍ ബ്രിട്ടനിലെത്തിയത്. 15 യൂറോപ്യന്‍ നഗരങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുക. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങാണ് ഒരു ബെല്‍റ്റ് ഒരു റോഡ് എന്ന പദ്ധതിയുമായി രംഗത്തുവന്നത്. 2013 ന് ശേഷമാണ് ചൈനയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വിസ് യാഥാര്‍ഥ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."