ജനങ്ങളെ വട്ടംകറക്കി തിരൂരില്‍ എ.ടി.എമ്മുകളില്‍ പണക്ഷാമം
തിരൂര്‍: പ്രമുഖ ബാങ്കുകളുടെ തിരൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും എ.ടി.എമ്മുകളില്‍ വീണ്ടും നോട്ടുക്ഷാമം. വിഷു അടക്കമുള്ള ആഘോഷ കാലയളവിലാണ് എ.ടി.എമ്മുകളില്‍ നിന്ന് ജനത്തിന് ആവശ്യമായ പണം ലഭിക്കാത്തത്.
ഇതിനാല്‍ പണത്തിനായി എ.ടി.എമ്മുകളില്‍ നിന്ന് എ.ടി.എമ്മുകളിലേക്ക് നെട്ടോട്ടമോടുകയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനങ്ങള്‍. നോട്ടുക്ഷാമം വിഷുക്കാലത്ത് തിരൂരിലെ വിപണിയിലും നിഴലിച്ചിട്ടുണ്ട്. നൂറ്, അഞ്ചൂറ് രൂപ നോട്ടുകള്‍ക്കാണ് കൂടുതല്‍ ക്ഷാമം.
ചില എ.ടി.എമ്മുകളില്‍ രണ്ടായിരത്തിന്റെ നോട്ടും പല സമയത്തും ലഭ്യമല്ല. ഇതാണ് ജനങ്ങളെ വലയ്ക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പണത്തിന് എ.ടി.എമ്മുകളെ സമീപിക്കുന്നവര്‍ പണം ലഭിക്കാതാകുന്നതോടെ മറ്റ് എ.ടി.എമ്മുകളിലേക്ക് മാറി മാറി പോയിട്ടും പണം ലഭിക്കാത്ത സ്ഥിതിയാണ്. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളെത്താത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായി പറയപ്പെടുന്നത്. വരുംദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."