HOME
DETAILS

ജനപ്രതിനിധികളുടെ പെരുകുന്ന സ്വത്ത് രാജ്യത്തിനാപത്ത്

  
backup
March 13 2019 | 19:03 PM

suprabhaatham-editorial-14-03-2019

 


ജനപ്രതിനിധികളുടെ സ്വത്ത് പെരുകുന്നത് പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ വിവരം നല്‍കണമെന്നും കേന്ദ്ര നിയമ മന്ത്രാലയത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വെളിപ്പെടുത്താത്ത സ്വത്തിനെക്കുറിച്ച് എന്ത് നടപടിയെടുത്തൂവെന്നും കോടതിക്ക് അറിയേണ്ടതുണ്ട്.
ജനപ്രതിനിധികളുടെ സ്വത്ത് പെരുകുന്നത് സംബന്ധിച്ച് സ്ഥിരം സംവിധാനം വേണമെന്നും വെളിപ്പെടുത്താത്ത സ്വത്തുടമകള്‍ക്കെതിരേ നടപടി ഉണ്ടാവണമെന്നും 2018 ഫെബ്രുവരി 16ന് സുപ്രിംകോടതി ഉത്തരവിട്ടതാണ്. എന്നാല്‍, ഇതില്‍ തുടര്‍നടപടിയെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉദാസീനത കാണിച്ചു. ഇതിനെതിരേ കോടതിയലക്ഷ്യം ആരോപിച്ച് ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടനയായ ലോക്പ്രഹാരി സമര്‍പ്പിച്ച ഹരജിയിലാണിപ്പോള്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ അവരുടെയും ജീവിത പങ്കാളിയുടെയും ആശ്രിതരുടെയും സ്വത്ത് വെളിപ്പെടുത്തണമെന്നും ജനപ്രതിനിധികള്‍ അവരുടെ വരുമാന സ്രോതസുകള്‍ നാമനിര്‍ദേശ പത്രികയില്‍ ചേര്‍ക്കണമെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും 2018 ഫെബ്രുവരി 16നാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നത്.


എം.പിമാരുടെയും എം.എല്‍.എമാരുടെയും സ്വത്തുക്കള്‍ വര്‍ഷം കഴിയുംതോറും പെരുകുകയും അഞ്ചുവര്‍ഷ കാലാവധിയെത്തുമ്പോള്‍ അത് പത്തും പന്ത്രണ്ടും അതിലധികവും ഇരട്ടിയായി വര്‍ധിക്കുകയും ചെയ്യുന്ന പ്രതിഭാസം എന്തുകൊണ്ടാണ്. ഇത്തരം ജനപ്രതിനിധികള്‍ക്ക് സ്വത്തുക്കള്‍ വെളിപ്പെടുത്തുന്നതില്‍ പ്രഥമദൃഷ്ട്യാതന്നെ വൈരുധ്യമുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) സുപ്രിംകോടതിയെ അറിയിച്ചിരുന്നതാണ്. 12 എം.പിമാരുടെ സ്വത്ത് 12 ഇരട്ടിയായും 22 പേരുടേത് അഞ്ച് ഇരട്ടിയായും വര്‍ധിച്ചൂവെന്ന് എ.ഡി.ആര്‍ എന്ന സംഘടനയും കോടതിയെ അറിയിച്ചിരുന്നു.


ലോക്‌സഭയും രാജ്യസഭയും ഇന്ന് കോടീശ്വരന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അഴിമതിയിലൂടെ കരസ്ഥമാക്കിയ പണംകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുവാന്‍ സീറ്റുകള്‍ തരപ്പെടുത്തുകയും വിജയിച്ചുകഴിഞ്ഞാല്‍ എം.പി പദവി ഉപയോഗിച്ചും എം.എല്‍.എ പദവി ഉപയോഗിച്ചും കോടികള്‍ സ്വരുക്കൂട്ടുകയും ചെയ്യുന്ന പ്രവണതയാണ് വര്‍ഷങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരും സത്യസന്ധരുമായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇതിനാല്‍ പിന്തള്ളപ്പെടുകയും ഭരണയന്ത്രം അഴിമതി നടത്തുന്ന ജനപ്രതിനിധികളുടെ കൈയിലമരുകയും ചെയ്യുന്നു. അഴിമതിക്കാരെയും ഭൂ മാഫിയകളെയുമാണ് ഇടതുപക്ഷം എന്നവകാശപ്പെടുന്ന സി.പി.എം പോലും സ്ഥാനാര്‍ഥികളായി അവരോധിക്കുന്നത്. മണ്ണിനും മനുഷ്യനുംവേണ്ടി പൊരുതുന്നുവെന്ന് പറയപ്പെടുന്ന ഇടതുപാര്‍ട്ടികള്‍ മണ്ണിനെയും മനുഷ്യനെയും കവര്‍ന്നെടുക്കുന്ന പണച്ചാക്കുകളെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുന്നു. പാര്‍ട്ടിക്കുവേണ്ടി കൊടിപിടിച്ച് മുദ്രാവാക്യം വിളിക്കുന്ന സാധാരണക്കാരന്‍ ഒന്നുമല്ലാതാകുകയാണ് ഇവിടെ. അഴിമതിക്ക് കേരളത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇന്ന് ഇടതുമുന്നണിയില്‍ ഘടകകക്ഷിയാണ്. രാഷ്ട്രത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ് അഴിമതിയെന്ന് എല്ലാവരും സമ്മതിക്കുമ്പോള്‍തന്നെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് നടത്തിയ റാഫേല്‍ യുദ്ധവിമാന അഴിമതിയുടെ കഥകള്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുകയാണ്.


കാലിത്തീറ്റ അഴിമതിക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ഇപ്പോഴും ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ അഴിമതി നടത്തുമ്പോള്‍ അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും അഴിമതിക്കാര്‍ തന്നെയാണ്. ഒരു വില്ലേജ് ഓഫിസര്‍ വയല്‍ നികത്താന്‍ കൈക്കൂലി വാങ്ങുമ്പോള്‍ ആ പ്രദേശത്തെ ജലലഭ്യതയാണ് അതോടെ ഇല്ലാതാകുന്നത്. ഇങ്ങനെയാണ് രാഷ്ട്രത്തെ അഴിമതി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പാലം പണിയുന്നതില്‍ കൃത്രിമം കാണിക്കുന്ന കോണ്‍ട്രാക്ടറില്‍നിന്ന് എന്‍ജിനീയര്‍ കൈക്കൂലി വാങ്ങുമ്പോള്‍ രാജ്യത്തിന്റെ വികസനമാണ് മുരടിക്കുന്നത്. ഇവിടെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇവര്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ചിത്രം പൂര്‍ണമാകുന്നു.
ഇത്തരം അഴിമതികളുടെ കൂട്ടിച്ചേര്‍ക്കലോടെയാണ് പല ജനപ്രതിനിധികളുടെയും സ്വത്ത് പല മടങ്ങായി പെരുകുന്നത്. രാഷ്ട്രീയക്കാരുടെ അനധികൃത സ്വത്ത് സമ്പാദനക്കേസുകള്‍ പരിഗണിക്കുവാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ഇത്തരം കോടതികളില്‍ വിചാരണ ചെയ്യണം.


രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്നവരായി അധഃപതിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് കോടീശ്വരന്മാര്‍ ബാങ്കുകളെ കബളിപ്പിച്ച് കോടികളുമായി വിദേശരാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നത്. നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ പറയുന്ന കൈയിലുള്ള പതിനായിരം രൂപയിലും ബാങ്കിലുള്ള ഇരുപതിനായിരം രൂപയിലും ഒതുങ്ങുന്നില്ല ഇവരുടെ സ്വത്തുക്കള്‍. നോട്ടെണ്ണുന്ന യന്ത്രങ്ങള്‍വരെ ജനപ്രതിനിധികള്‍ വീടുകളില്‍ സൂക്ഷിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.


രാഷ്ട്രീയ നേതാക്കളുടെ സ്വത്തിന്റെ ഉറവിടം കണ്ടെത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഈ ഉറവിടത്തിലേക്ക് അവരെങ്ങനെ വന്നെത്തിയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയത്തെ ചീത്തവാക്കായി യുവതലമുറ കാണുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അഴിമതിക്കാരായ ജനപ്രതിനിധികളാണ്. റാഫേല്‍ അഴിമതി സംബന്ധിച്ച് വ്യക്തമായ മറുപടി പറയുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ചെറിയൊരു ന്യൂനപക്ഷമാണെങ്കില്‍പോലും രാഷ്ട്രീയത്തിലെ ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും ജോലിയിലെ സത്യസന്ധതയ്ക്കും ആദര്‍ശത്തിന്റെ കൈയൊപ്പ് ചാര്‍ത്തുന്ന ഒരുവിഭാഗം രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇന്നും നമുക്കുണ്ട്. അവര്‍കൂടി ഉള്ളതുകൊണ്ടാണ് ഈ രാജ്യം ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത്. അഴിമതിക്കാരായ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമ്പാദിച്ച അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാത്ത കാലത്തോളം രാഷ്ട്രീയത്തിലെയും ഔദ്യോഗിക തലത്തിലെയും അഴിമതി തുടച്ചുനീക്കാനാവില്ല. അതിന് സുപ്രിംകോടതി നിര്‍ദേശിച്ചപോലെ പ്രത്യേക കോടതികള്‍തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago