സമഗ്ര പച്ചക്കറി കൃഷി വികസനം: ജില്ലക്ക് 3.46 കോടി രൂപ അനുവദിച്ചു
കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഘടകങ്ങളിലായി ജില്ലക്ക് 3.46 കോടി രൂപ അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം 3,60,000 വിത്ത് പാക്കറ്റുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. പച്ചക്കറി നടാന്‍ അനുയോജ്യമായ സ്ഥലമില്ലാത്ത നഗര പ്രദദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകള്‍ അടങ്ങിയ 1000 യൂനിറ്റുകള്‍ ജില്ലയിലെ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും. 2000 രൂപ വിലയുള്ള ഗ്രോബാഗ് യൂനിറ്റ് ഒന്നിന് 75 ശതമാനം സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. യൂനിറ്റൊന്നിന് ഗുണഭോക്തൃവിഹിതമായി 500 രൂപ കര്‍ഷകര്‍ കൃഷി ഭവനിലടക്കണം.
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുതിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ കണിക ജലസേചനം നടത്തുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഫിമിലി ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം ഈ വര്‍ഷവും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ചെറുകടി ജലസേചന യൂനിറ്റുകള്‍ക്ക് 7500 രൂപ തോതില്‍ സബ്‌സിഡി അനുവദിക്കും. ജില്ലയില്‍ ഇത്തരം 15 യൂനിറ്റുകള്‍ സ്ഥാപിക്കും. ഗ്രോബാഗില്‍ ജലസേചനം നടത്തുന്നതിനായി മിനിഡ്രിപ്പ് അല്ലെങ്കില്‍ വിക്ക് ഇറിഗേഷന്‍ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് 2000 രൂപ സബ്‌സിഡി അനുവദിക്കും. ഈ വര്‍ഷം ജില്ലയില്‍ 35 യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലസേചനം നടത്തുന്നതിന് പമ്പ് സെറ്റ് വാങ്ങുന്നതിന് 50 ശതമാനം സബ്‌സിഡി പരമാവധി 10,000 രൂപ അനുവദിക്കും. ജില്ലയില്‍ 125 പമ്പ് സെറ്റ് വാങ്ങുന്നതിന് ഇത്തരത്തില്‍ സബ്‌സിഡി അനുവദിക്കും. രോഗ കീട നിയന്ത്രണത്തിന് ജൈവ കീടനാശിനികളും കുമിള്‍ നാശിനികളും തളിക്കുന്നതിനായി 125 സ്‌പ്രെയറുകള്‍ 1500 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."