മത്സ്യത്തൊഴിലാളി ക്ഷേമത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കും: രാഹുല്‍ ഗാന്ധി
തൃപ്രയാര്‍: മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തൃപ്രയാറില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച നാഷനല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാധാരണക്കാരുടെ ശബ്ദം ഡല്‍ഹിയിലെത്തുന്നില്ല. അംബാനിക്കും നിരവ് മോദിക്കും കാതോര്‍ക്കുന്ന പ്രധാനമന്ത്രി സാധാരണക്കാരെ രണ്ടാംതരം പൗരരായാണ് കണക്കാക്കുന്നത്. ദാരിദ്ര്യം തുടച്ചുനീക്കുക കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. അതാണ് ഗ്യാരണ്ടി മിനിമം വേജ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്ത് അടിസ്ഥാന വരുമാന രേഖ നിശ്ചയിക്കും. ഇതിനുതാഴെ വരുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കി എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും.
പതിനഞ്ചോളം വരുന്ന വന്‍കിട വ്യവസായികളുടെ ഉപകരണമായി പ്രധാനമന്ത്രി മാറി. ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍നിന്ന് സാധാരണ ജനങ്ങള്‍ അകന്നുകഴിഞ്ഞു. കോര്‍പറേറ്റുകളുടെ മൂന്നര ലക്ഷം കോടി രൂപ എഴുതിത്തള്ളിയ പ്രധാനമന്ത്രി കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും ദുരിതത്തിലാക്കി. മോദിയുടെ പ്രചാരണത്തിനായി ഒഴുകുന്ന കോടികള്‍ എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കാന്‍ ഇന്ത്യയിലെ യുവാക്കള്‍ മുന്നോട്ടുവരണം.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിലവിലെ ജി.എസ്.ടിയില്‍ മാറ്റം വരുത്തും. താന്‍ ഒരിക്കലും മുകേഷ് അംബാനിയെ മുകേഷ് ഭായ് എന്ന് വിളിക്കില്ല. കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രിക്ക് ഒരിക്കലും 20 മിനിറ്റ് വിജയ്മല്യയുമായി സംസാരിക്കേണ്ടി വരില്ല. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ പങ്കുവഹിക്കുന്ന വ്യവസായികളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി മാനിഫെസ്റ്റോ ചടങ്ങില്‍ രാഹുലിന് കൈമാറി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി വക്താവ് പി.സി ചാക്കോ, വി.എം സുധീരന്‍, പ്രൊഫ. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.ഡി സതീശന്‍ , അനില്‍ അക്കര എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."