കതിര്‍മണ്ഡപത്തില്‍ വച്ച് മനം മാറി പ്രതിശ്രുത വധു പൊലിസ് സ്റ്റേഷനില്‍
കൊടുങ്ങല്ലൂര്‍: കതിര്‍മണ്ഡപത്തില്‍ വച്ച് മനം മാറി, പ്രതിശ്രുത വധു പൊലിസ് സ്റ്റേഷനില്‍ അഭയം തേടി. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശിനിയായ പതിനെട്ടു വയസുകാരിയാണ് വിവാഹ ചടങ്ങിനിടെ ബന്ധമൊഴിയാന്‍ പൊലിസിന്റെ സഹായം തേടിയത്. ചന്തപ്പുര ദളവാകുളം സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി അവസാന നിമിഷത്തില്‍ പിന്മാറുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ ശ്രീകുരംബ ഭഗവതി ക്ഷേത്ര നടയില്‍ താലികെട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ പ്രതിശ്രുത വധു തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്നു. സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി തനിക്ക് ഈ വിവാഹത്തില്‍ താല്‍പര്യമില്ലെന്നറിയിച്ചു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ എസ്.ഐ ബി.രാജഗോപാല്‍ വരന്റെ ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയും പെണ്‍കുട്ടിയെ സഹോദരിക്കൊപ്പം വിട്ടയക്കുകയും ചെയ്തു. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും വസ്തുക്കളും ഉള്‍പ്പെടെയുള്ള വിവാഹ ചിലവുകള്‍ വഹിച്ചിരുന്നത് വരന്റെ വീട്ടുകാരായിരുന്നു.
വിവാഹ സാരിയും ആഭരണങ്ങളും ഉള്‍പ്പെടെയുള്ളവ തിരികെ നല്‍കിയാണ് പെണ്‍കുട്ടി മടങ്ങിയത്. വിവാഹത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരേ വരന്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. നല്ല മാര്‍ക്ക് വാങ്ങി എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച പെണ്‍കുട്ടി സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹമാണ് പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."