ചെറുകിട വ്യാപാരമേഖലയിലേക്ക് വിദേശ നിക്ഷേപം: വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭം നടത്തുമെന്ന്
കോട്ടയം: ചെറുകിട വ്യാപാര മേഖലയില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത വിദേശ നിക്ഷേപം അനുവദിച്ച് വ്യാപാര മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം അടിയന്തിരമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി മൂന്നിന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫിസിന് മുന്നിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും നടത്തും.
സമരത്തിന്റെ പ്രചരണാര്‍ത്ഥം കോര്‍ണര്‍ യോഗങ്ങളും നടത്തും. ജില്ലയില്‍ സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ ക്യാപ്റ്റനായുള്ള വാഹന പ്രചരണജാഥ ഈ മാസം 28ന് പര്യടനം നടത്തും. കാഞ്ഞിരപ്പള്ളിയില്‍നിന്നും ആരംഭിക്കുന്ന ജാഥ സമിതി സംസ്ഥാന സെക്രട്ടറി കെ.എസ് മണി വൈസ് ക്യാപ്റ്റനും, ജില്ലാ ട്രഷററുമായ പി.ഏ ഇര്‍ഷാദ് ജാഥാ മാനേജരുമായിരിക്കും. പാലാ ഏറ്റുമാനൂര്‍, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കോട്ടയം, എന്നിവിടങ്ങളിലെ യോഗങ്ങള്‍ക്കുശേഷം ജാഥ ചങ്ങനാശേരിയില്‍ സമാപിക്കും.
സമാപന സമ്മേളനം ഏ.വി റസ്സല്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ മൂന്നിന് ചങ്ങനാശേരി ഹെഡ് പോസ്‌റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും നടത്തുമെന്ന് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ജില്ലാപ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍, ജില്ലാ സെക്രട്ടറി കെ.എസ് മണി, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."