കോണ്‍ഗ്രസും സി.പി.എമ്മും നേരിട്ട് ഏറ്റുമുട്ടുന്നത് 11 മണ്ഡലങ്ങളില്‍
തിരുവനന്തപുരം: കോണ്‍ഗ്രസും സി.പി.എമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് 11 ലോക്‌സഭാ മണ്ഡലങ്ങളില്‍. ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും ഏറ്റുമുട്ടുന്നത്.
ഇതില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന്റെയും ആറെണ്ണം സി.പി.എമ്മിന്റെയും സിറ്റിങ് സീറ്റുകളാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വടകര എന്നിവ യു.ഡി.എഫിന്റെയും ആറ്റിങ്ങല്‍, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ എല്‍.ഡി.എഫിന്റെയും കൈവശമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന വടകരയില്‍ കോണ്‍ഗ്രസിനായി ഇറങ്ങുന്നത് മുന്‍ കെ.പി.സി.സി അധ്യക്ഷനും എം.എല്‍.എയുമായ മുരളീധരനാണ്. എറണാകുളത്തും ഗ്ലാമര്‍ പോരാട്ടമാണ് നടക്കുന്നത്. കരുത്തരായ പി. രാജീവും ഹൈബി ഈഡനും വന്നതോടെ മത്സരം കടുക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം വിജയം ആവര്‍ത്തിക്കുന്ന മണ്ഡലങ്ങളാണ് ആറ്റിങ്ങലും ആലത്തൂരും പാലക്കാടും. എന്നാല്‍ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ മന്ത്രിയും കോന്നി എം.എല്‍.എയുമായ അടൂര്‍ പ്രകാശാണ് ആറ്റിങ്ങലില്‍ സമ്പത്തിന്റെ എതിരാളി. ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെ വരവോടെ പി.കെ ബിജുവിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പായി. പാലക്കാട്ട് എം.ബി രാജേഷും വിി.കെ ശ്രീകണ്ഠനും തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്.
കാസര്‍കോട്ട് കോണ്‍ഗ്രസ് രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് മണ്ഡലം തിരിച്ചു പിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ഉണ്ണിത്താനും ഡി.സി.സി നേതൃത്വവും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും കെ.പി.സി.സി നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. കണ്ണൂര്‍ പി.കെ ശ്രീമതിയില്‍നിന്ന് കെ. സുധാകരന്‍ തിരിച്ചുപിടിക്കും എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. ഈ രണ്ട് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പത്തു മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചുമതല.
ആലപ്പുഴയില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ കെ.സി വേണുഗോപാലിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങിയപ്പോള്‍ തിരിച്ചു പിടിക്കാന്‍ സി.പി.എം ഇറക്കിയിരിക്കുന്നത് എ.എം ആരിഫിനെയാണ്. ഈ തെരഞ്ഞെടുപ്പില്‍ രാജ്യം തന്നെ കേരളത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ടയില്‍ എങ്ങനെയും ഇക്കുറി വിജയിക്കുക എന്നത് സി.പി.എമ്മിന്റെ ആവശ്യമാണ്. മണ്ഡലം നിലനിര്‍ത്തി മറുപടി കൊടുക്കേണ്ടത് യു.ഡി.എഫിന്റെയും അഭിമാനപ്രശ്‌നമാണ്. സി.പി.എം ഇവിടെ ഇറക്കിയിരിക്കുന്നത് വീണാ ജോര്‍ജ് എം.എല്‍.എയെയാണ്. കോണ്‍ഗ്രസാകട്ടെ സിറ്റിങ് എം.പി ആന്റോ ആന്റണിയെയും.
ചാലക്കുടിയില്‍ ഇന്നസെന്റില്‍നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് കണ്‍വീനറെ തന്നെ ഇറക്കിയിരിക്കുകയാണ്. ബെന്നി ബെഹനാന്‍ വിജയം ഉറപ്പിച്ചു എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കത്തുന്ന വെയിലിലും ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ഓടിനടക്കുകയാണ്, മണ്ഡലങ്ങള്‍ നിലനിര്‍ത്താനും തിരിച്ചു പിടിയ്ക്കാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."