HOME
DETAILS

വീരേന്ദ്ര പഞ്ചാനനന്‍

  
Web Desk
May 30 2020 | 00:05 AM

mp-verendrakumar-commemoration-855361-2020

 

പണ്ട് മലയാളസാഹിത്യം പഠിക്കുമ്പോള്‍ മനസില്‍ കൗതുകമുണര്‍ത്തി കടന്നുവന്ന വിശേഷണമാണ് പഞ്ചാനനന്‍ എന്നത്. ഒരു കാലത്ത് മലയാളസാഹിത്യത്തില്‍ നെടുംതൂണായി നിന്ന പി.കെ നാരായണപിള്ളയായിരുന്നു ആ വിശേഷണത്തിന് അര്‍ഹനായിരുന്നയാള്‍. സാഹിത്യപഞ്ചാനനനെന്നേ അക്കാലത്ത് സാഹിത്യകാരന്മാരും സാഹിത്യകുതുകികളും അദ്ദേഹത്തെ വിളിച്ചിരുന്നുള്ളൂ. എന്തുകൊണ്ടാണ് പി.കെ നാരായണപിള്ളയ്ക്ക് അങ്ങനെയൊരു വിശേഷണം കിട്ടിയതെന്ന്, 'സാഹിത്യ പഞ്ചാനനന്റെ വിമര്‍ശത്രയം' എന്ന കൃതി പഠിപ്പിക്കുന്നതിനിടയില്‍ അഴീക്കോട് മാഷാണു പറഞ്ഞുതന്നത്.


'നമുക്ക് പ്രതിഭാധനരായ എത്രയോ കവികളുണ്ട്, മികച്ച സാഹിത്യവിമര്‍ശകരുണ്ട്, വൈയാകരണന്മാരും പണ്ഡിതശ്രേഷ്ഠരുമുണ്ട്. അതുല്യരായ പ്രബന്ധകര്‍ത്താക്കളുണ്ട്. അവരോരോരുത്തരും തങ്ങള്‍ വ്യാപരിക്കുന്ന മേഖലയില്‍ മികവുറ്റവരാണ്. എന്നാല്‍ ഇതര മേഖലകളില്‍ അവരുടെ സംഭാവന ശൂന്യമായിരിക്കും.'
ഇത്രയും മുഖവുരയായി പറഞ്ഞാണ് അഴീക്കോട് മാഷ് സാഹിത്യ പഞ്ചാനനനെക്കുറിച്ചു പറയാനാരംഭിച്ചത്. 'പി.കെ നാരായണപിള്ള തികച്ചും വ്യത്യസ്തനായിരുന്നു. സാഹിത്യവിമര്‍ശകരില്‍ അദ്വിതീയന്‍. ഗഹനങ്ങളായ പ്രബന്ധങ്ങള്‍ ഏറെ രചിച്ചയാള്‍. മലയാള, സംസ്‌കൃത ഭാഷകളില്‍ ലബ്ധപ്രതിഷ്ഠനായ വൈയാകരണന്‍. ഒന്നിലേറെ ഭാഷാസാഹിത്യങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്‍. ഇതിനൊക്കെപ്പുറമെ മികച്ച കവിയും...' അഴീക്കോട് മാഷുടെ വാക്കുകളിലും കണ്ണുകളിലും ഒരേപോലെ അത്ഭുതം!. 'ഭാഷയുടെയും സാഹിത്യത്തിന്റെയും അഞ്ചു ശാഖകളില്‍ മികച്ച നാരായണപിള്ള പഞ്ചാനനന്‍, അഞ്ചു മുഖമുള്ളവന്‍ എന്നറിയപ്പെട്ടു. പഞ്ചാനനന്‍ എന്ന വാക്കിനു സിംഹമെന്നും അര്‍ഥമുണ്ട്. സാഹിത്യപഞ്ചാനനന്‍ മലയാളസാഹിത്യത്തിലാകെ നിറഞ്ഞുനിന്ന കേസരി തന്നെയായിരുന്നു' -ആ അത്ഭുതഭാവത്തിനിടയില്‍ അഴീക്കോട് മാഷ് പറഞ്ഞു.
പില്‍ക്കാലത്ത്, പഞ്ചാനനന്‍ എന്ന വാക്ക് ഓര്‍ക്കാപ്പുറത്ത് മനസിലേയ്ക്ക് ഓടിക്കയറിയത് എം.പി വീരേന്ദ്രകുമാറിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളെക്കുറിച്ചു കൂടുതല്‍ അറിഞ്ഞ ഏതോ ഘട്ടത്തിലാണ്. പിന്നെപ്പിന്നെ അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും പറയുമ്പോഴും അദ്ദേഹത്തെ കാണുമ്പോഴുമെല്ലാം പഞ്ചാനന വിശേഷണമാണു മനസിലേയ്ക്ക് ഓടിയെത്തുക.
രാഷ്ട്രീയക്കാരനായ വീരേന്ദ്രകുമാറിനെയാണ് ആദ്യം അടുത്തറിയുന്നത്. മൈക്കിനു മുന്നില്‍ കഴമ്പില്ലാതെ വായില്‍തോന്നിയതെല്ലാം വിളിച്ചുപറയുന്ന പതിവു രാഷ്ട്രീയക്കാരില്‍നിന്നു വിഭിന്നനായിരുന്നു കാണുന്ന കാലംമുതല്‍ എം.പി വീരേന്ദ്രകുമാര്‍. അദ്ദേഹം എക്കാലത്തും വിഷയത്തിലൂന്നിയാണു പ്രസംഗിക്കുക. താന്‍ പങ്കെടുക്കുന്ന പരിപാടിയുടെ വിഷയമെന്താണോ അതായിരിക്കും, അതു മാത്രമായിരിക്കും പ്രസംഗവിഷയം. ആഗോള സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ അത്, അമേരിക്കയുടെ ആയുധക്കച്ചവട കുതന്ത്രങ്ങളെക്കുറിച്ചാണെങ്കില്‍ അത്, ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചാണെങ്കില്‍ അത്, നാട്ടിലെ തെരുവുനായ ശല്യത്തെക്കുറിച്ചാണെങ്കില്‍ അത്... ഏതു വിഷയവും വീരേന്ദ്രകുമാറിനു വഴങ്ങും. പറയുന്നത് പഠിച്ചായിരിക്കും. പതിവു രാഷ്ട്രീയക്കാരെപ്പോലെ കാടടക്കി വെടിവയ്ക്കില്ല. കഴമ്പുള്ള സംസാരം തെരുവിലെ പ്രസംഗത്തിലാണെങ്കിലും പാര്‍ലമെന്റിലെ പ്രസംഗത്തിലാണെങ്കിലും ഇരുത്തംവന്ന, കാര്യഗൗരവമുള്ള നേതാവാണു താനെന്നു എക്കാലവും തെളിയിച്ചിട്ടുണ്ട്.


വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാള്‍ എന്നു വീരേന്ദ്രകുമാറിനെ വിശേഷിപ്പിക്കാം. വയനാട്ടിലെ സമ്പന്നമായ ജൈന കുടുംബത്തിലാണു പിറവി. എന്നാല്‍ സ്വന്തം പിതാവായ പദ്മപ്രഭാഗൗഡരെപ്പോലെ സ്ഥിതിസമത്വ രാഷ്ട്രീയ തട്ടകം സ്വീകരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. പലപല പേരുകളില്‍ ചിതറിത്തെറിക്കുകയെന്നത് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദൗര്‍ഭാഗ്യമാണെങ്കിലും തുടക്കംമുതല്‍ മരിക്കുംവരെ അടിയുറച്ച സോഷ്യലിസ്റ്റായിരുന്നു വീരേന്ദ്രകുമാര്‍. എസ്.എസ്.പി, എസ്.പി, ജനതാ പാര്‍ട്ടി, ജനതാദള്‍ മുതല്‍ വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സമുന്നതസ്ഥാനവും സമാദരണീയതയും അദ്ദേഹത്തിനു കിട്ടിയത് വീരേന്ദ്രകുമാറിലെ രാഷ്ട്രീയപ്രതിഭയ്ക്കു ലഭിച്ച അംഗീകാരമായിട്ടായിരുന്നു.
തിരിച്ചടികളുണ്ടാകുമ്പോള്‍ തകര്‍ന്നുപോകുന്ന രാഷ്ട്രീയക്കാരുണ്ട്. വീരേന്ദ്രകുമാര്‍ അതില്‍ പെടില്ല. സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ കുതികാല്‍വെട്ടിയപ്പോള്‍ പോലും മനശ്ചാഞ്ചല്യം പുറത്തുകാണിക്കാതിരുന്ന നേതാവാണ്. സംസ്ഥാന വനംമന്ത്രി പദവിയില്‍നിന്ന് ഒരുദിനം കൊണ്ടു താഴെയിറങ്ങേണ്ടി വന്നപ്പോള്‍ ചിരിച്ചുകൊണ്ട് 'ഞാന്‍ ഏക് ദിന്‍ കാ മന്ത്രി'യാണെന്നു പ്രതികരിച്ചയാളാണ് അദ്ദേഹം. അതേ വീരേന്ദ്രകുമാര്‍ പില്‍ക്കാലത്തു കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഗംഭീരമായി തിളങ്ങി.


തെരഞ്ഞെടുപ്പു തോല്‍വികളും വിജയങ്ങളും വീരേന്ദ്രകുമാറിന്റെ മനസു തകര്‍ത്തതായി തോന്നിയിട്ടില്ല. പാലക്കാട്ട് സീറ്റ് നല്‍കി മുന്നണിയിലെ ഘടകകക്ഷി നേതാക്കളില്‍ ചിലര്‍ കൊണ്ടുപിടിച്ചു തോല്‍പ്പിച്ചിട്ടും വീരേന്ദ്രകുമാര്‍ പരസ്യവിലാസം നടത്തിയില്ല. മുന്നണിയില്‍ മാന്യമായി പ്രതിഷേധിച്ചു മുന്നണിയില്‍ തുടര്‍ന്നു.
ഒറ്റ മുണ്ടും ഷര്‍ട്ടുമായി രാഷ്ട്രീയത്തിലിറങ്ങി പത്തു തലമുറയ്ക്ക് രാജകീയമായി കഴിയാന്‍ വേണ്ടത്ര സമ്പാദിച്ചുകൂട്ടിയ എത്രയോ നേതാക്കളെ ഈ കേരളത്തില്‍ എണ്ണിക്കാണിക്കാനാകും. വീരേന്ദ്രകുമാറിനെക്കുറിച്ച് അത്തരമൊരു ആരോപണം രാഷ്ട്രീയശത്രുക്കള്‍ പോലും ഉന്നയിച്ചുകണ്ടിട്ടില്ല. ചക്കരക്കുടത്തില്‍ കൈയിട്ടുവാരുന്നയാളായിരുന്നില്ല അദ്ദേഹം. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ വിവരമുള്ള രാഷ്ട്രീയക്കാരനായിരുന്നു.
കവിതയും കഥയും ലേഖനവുമെല്ലാം എഴുതുന്ന എത്രയോ രാഷ്ട്രീയക്കാരെ നമുക്കറിയാം. നൂറിലേറെ പുസ്തകങ്ങള്‍ എഴുതിയവര്‍ വരെയുണ്ട്. അവരുടെ പുസ്തകങ്ങളെല്ലാം സാധാരണ തുലാസിന്റെ തട്ടില്‍വച്ചാല്‍ ഏറെ ഭാരം കാണും. എന്നാല്‍ അവയെല്ലാം കൂടി സാഹിത്യമൂല്യത്തിന്റെ തുലാസുതട്ടില്‍ വച്ചാല്‍ അപ്പൂപ്പന്‍ താടിയുടെ ഭാരമേ കാണൂ. ഇവിടെയും വ്യത്യസ്തനാണു വീരേന്ദ്രകുമാര്‍. ആശയഗാംഭീര്യമുള്ള, ആശയവൈവിധ്യമുള്ള, ഗവേഷണാടിസ്ഥാനത്തില്‍ തയാറാക്കപ്പെട്ടവയാണ് അദ്ദേഹത്തിന്റെ കൃതികള്‍ ഓരോന്നും. ലളിതവും സുഗ്രാഹ്യവുമായ ശൈലി അവയ്ക്കു വായനാസുഖവും നല്‍കുന്നു, ഔഷധഗുണവും മാധുര്യവുമുള്ള മരുന്നുപോലെ.
'ഗാട്ടും കാണാച്ചരടുകളും, ലോക വ്യാപാര സംഘടനയും ഊരാക്കുടുക്കുകളും' എന്നിവ സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗഹനമായ പഠനമാണ്. 'രാമന്റെ ദുഃഖം' ഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരായ പ്രതിരോധമാണ്. 'ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം' എന്നതു സാഹിത്യനിരൂപണവും 'ഹൈമവതഭൂവില്‍' ആധ്യാത്മികത പശ്ചാത്തലത്തിലുള്ളതുമാണ്. ഇതേപോലെ കാമ്പുള്ള നിരവധി കൃതികള്‍.


വീരേന്ദ്രകുമാറിനു വേണ്ടി മറ്റു ചിലര്‍ എഴുതിക്കൊടുക്കുന്നതാണ് ഈ ഗ്രന്ഥങ്ങളൊക്കെയെന്നു ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടപ്പോഴും അദ്ദേഹത്തോട് എത്രയോ തവണ ദീര്‍ഘനേരം നേരിട്ടു സംസാരിക്കാനായപ്പോഴുമെല്ലാം നല്ല വിവരമുള്ളയാള്‍ എന്നാണു തോന്നിയിട്ടുള്ളത്. അദ്ദേഹം പറഞ്ഞുകൊടുത്ത് ആരെക്കൊണ്ടെങ്കിലും എഴുതിച്ചിട്ടുണ്ടെന്നോ എന്നറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ അതൊരു തെറ്റല്ലല്ലോ.


കൈയില്‍ കാശുള്ളതു കൊണ്ടോ എനിക്കും മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടണമെന്ന മോഹം കൊണ്ടോ പത്രമുതലാളിയായി വരുന്നവരുണ്ട്. ചെയര്‍മാന്‍, എം.ഡി, ചീഫ് എഡിറ്റര്‍, മാനേജിങ് എഡിറ്റര്‍ പദവികളിലേതെങ്കിലും സ്വന്തമാക്കി ആ കസേരയില്‍ അലങ്കാരമായി ഇരിക്കുകയല്ലാതെ മറ്റൊന്നും അവര്‍ ചെയ്യില്ല, ചെയ്യാന്‍ അറിയുകയുമില്ല. പത്രമിറക്കുന്നതും പരസ്യവരുമാനം കൂട്ടുന്നതും കോപ്പികള്‍ പരമാവധി വിറ്റഴിച്ചു സര്‍ക്കുലേഷന്‍ കൂട്ടുന്നതുമൊക്കെ പണിയറിയാവുന്ന ജീവനക്കാരായിരിക്കും.
വീരേന്ദ്രകുമാറിനെ ആ ഗണത്തില്‍പെടുത്താന്‍ കഴിയില്ല. സ്വാതന്ത്ര്യസമരകാല പാരമ്പര്യമൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു സാധാരണ പത്രമായി ഒതുങ്ങിനിന്ന മാതൃഭൂമിയെ ഇന്നത്തെ ഔന്നത്യത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വന്നതു വീരേന്ദ്രകുമാറിന്റെ നേതൃമികവു തന്നെയാണ്. ആ മികവ് അദ്ദേഹത്തെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെയും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും തലപ്പത്തുവരെ എത്തിച്ചു. അവിടെയൊക്കെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.


രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ വീരേന്ദ്രകുമാറിന്റെ പ്രഭാഷണമികവിനെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ടല്ലോ. അതു വായിച്ച് അദ്ദേഹം രാഷ്ട്രീയപ്രസംഗകന്‍ മാത്രമാണെന്നു കരുതേണ്ട. പ്രഭാഷകനെന്നത് ഈ പഞ്ചാനനന്റെ വേറിട്ട ആനം (മുഖം) തന്നെയാണ്. ആധ്യാത്മിക വേദിയില്‍ വീരേന്ദ്രകുമാര്‍ തികഞ്ഞ ആധ്യാത്മികപ്രഭാഷകനായിരിക്കും. ഭഗവത് ഗീതയും ബൈബിളും ഖുര്‍ആനുമെല്ലാം അനായാസം കൈകാര്യം ചെയ്യും. ആധ്യാത്മിക പ്രഭാഷണവേദി വര്‍ഗീയചിന്ത വളര്‍ത്താനാണു പലരും ശ്രമിക്കാറുള്ളതെങ്കില്‍ വീരേന്ദ്രകുമാറിന്റെ ആധ്യാത്മികപ്രഭാഷണങ്ങള്‍ മതസാഹോദര്യവും മാനുഷികതയും വളര്‍ത്തുന്നവയാണ്.


സാഹിത്യപഞ്ചാനനന്റെ മറ്റൊരു വിശേഷണമായി അന്ന് അഴീക്കോട് മാഷ് പറഞ്ഞത്, അഗാധമായ പാണ്ഡിത്യവും വായനയുമായിരുന്നു. വീരേന്ദ്രകുമാറിന് ആ രണ്ടു ഗുണങ്ങളും ഉണ്ടെന്നാണ് അനുഭവം. പണ്ടൊരിക്കല്‍ ലോക്‌സഭാ വോട്ടെടുപ്പിന്റെ പിറ്റേന്നു വീരേന്ദ്രകുമാറിന്റെ വീട്ടില്‍ ചെന്നു. അത്രയും നാള്‍ മണ്ഡലത്തില്‍ ഓടിത്തളര്‍ന്ന സ്ഥാനാര്‍ഥികള്‍ അന്ന് എന്തു ചെയ്യുന്നുവെന്നറിയാനുള്ള പത്രപ്രവര്‍ത്തക കൗതുകത്തിന്റെ ഭാഗമായിരുന്നു ആ സന്ദര്‍ശനം.
എതിര്‍സ്ഥാനാര്‍ഥിയുടെ വീട്ടില്‍ അന്നും കണക്കുകൂട്ടലുകളുടെ ബഹളമായിരുന്നു. വീരേന്ദ്രകുമാറിന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ തനിച്ചിരുന്നു വായിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ ഒരു ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്ര ഗ്രന്ഥം. അന്ന് അദ്ദേഹം സംസാരിച്ചത് ആ ഗ്രന്ഥത്തെക്കുറിച്ചു മാത്രമായിരുന്നു.
ഇനി പറയൂ, അദ്ദേഹം വീരന്‍ തന്നെയല്ലേ... വീരേന്ദ്ര പഞ്ചാനനന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  9 days ago
No Image

എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

Kerala
  •  9 days ago
No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  9 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  9 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  9 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  9 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  9 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  9 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  9 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  9 days ago