കല്ലിങ്കല്‍ - മലമ്പുഴ റോഡിലെ ദുരിതയാത്രക്ക് പരിഹാരമായി പാലം ഒരുങ്ങുന്നു
കൊടുമ്പ് : കല്ലിങ്കല്‍ പടലിക്കാട് കനാല്‍ റോഡ് ചന്ദ്രനഗറില്‍ നിന്നുള്ള ദേശീയപാതയുമായി കൂട്ടിമുട്ടുന്ന ഭാഗത്ത് കാറുകള്‍ വരെയുള്ള വാഹനങ്ങള്‍ കടന്നു പോകാന്‍ മേല്‍പാലമാകാമെന്ന് ദേശീയപാത അതോറിറ്റി.
ദേശീയപാതയിലെ ചെമ്പലോട് പാലത്തിനു മുകളില്‍ മേല്‍പാലമാകാമെന്നാണ് അതോറിറ്റി മാനേജരുടെ ശുപാര്‍ശ. ജംക്ഷനില്‍ സിഗ്നല്‍ സംവിധാനമോ മീഡിയന്‍ പൊളിച്ചുള്ള ഗതാഗത സംവിധാനമോ യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയെയും ബാധിക്കുമെന്നും അതോറിറ്റി ജില്ലാ കലക്ടറെ അറിയിച്ചു.
ഫണ്ട് തികയാത്തതിനാല്‍ മരാമത്ത് റോഡ്‌സ് വിഭാഗം തന്നാല്‍ പാലം പണിയാമെന്നും അതോറിറ്റി വ്യക്തമാക്കി.
ഫണ്ടൊന്നും നല്‍കാനാവില്ലെന്നും എം.പിയോട് അഭ്യര്‍ത്ഥിച്ചു നോക്കാമെന്നുമാണ് മരാമത്ത് വകുപ്പിന്റെ നിലപാട് ഫെബ്രുവരി 23 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതെന്ന് മാങ്കാവ് സ്വദേശി റെയ്മണ്ട് ആന്റണിക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.
എം.പി.ഫണ്ടില്‍നിന്നു തുക ലഭ്യമാക്കാന്‍ കഴിയുമോയെന്ന വിവരം അറിയിക്കണമെന്ന് എം.പിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.
നബാര്‍ഡിന്റെ സഹായത്തോടെ 5.6 കോടി രൂപ ചെലവിട്ടു നിര്‍മിച്ച 8.2 കിലോമീറ്റര്‍ റോഡ് ദേശീയപാതയെ മുറിച്ചുപോകുന്നതിനാല്‍ പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താനായിട്ടില്ല. ഇവിടെ സിഗ്നല്‍ സംവിധാനമോ കട്ടിങ്ങോ സ്ഥാപിക്കണമെന്ന് നേരത്തെ ട്രാഫിക് പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു.
മനുഷ്യവകാശ കമ്മിഷനും ഇതിലേതെങ്കിലുമൊന്നു നടപ്പാക്കാന്‍ ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് എം.ബി. രാജേഷ് എം.പി. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. വിവിധ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ പരാതിപ്രകാരം കലക്ടര്‍ യോഗം വിളിച്ചത്.
അതേസമയം യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിക്കാതെ മിനിറ്റിസ് ഒപ്പിടുവിച്ചെന്നു റെയ്മണ്ട് ആന്റണി ജില്ലാ വിജിലന്‍സ് കമ്മിറ്റിക്ക് പരാതി നല്‍കി.
യോഗത്തിനു കൃത്യസമയത്തെത്തി കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികള്‍ കാത്തിരുന്നെന്നും പിന്നീട് ചേംബറിലേക്കു യോഗം മാറ്റിയ കാര്യം അറിയാതെ അവിടെ എത്തിയപ്പോള്‍ യോഗം കഴിഞ്ഞതിനാല്‍ ഒപ്പിട്ടു പോകാന്‍ നിര്‍ദേശിച്ചെന്നും കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജയുടെ വിശദികരണമടക്കമാണു പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."