150 വ്യാജസീലുകളുമായി യുവാവ് പിടിയില്‍
മലപ്പുറം: വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള രേഖകളില്‍ പതിക്കുന്ന 150ഓളം വ്യാജസീലുകളുമായി യുവാവ് തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ പിടിയില്‍. മണ്ണഴി കോട്ടപ്പുറം സ്വദേശി പൊന്നൂത്ത് വീട്ടില്‍ അനസ്(31) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 12.30ന് കോഡൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ ശ്രദ്ധയില്‍ നമ്പരില്ലാതെ പോകുകയായിരുന്ന അനസിന്റെ കാര്‍ പെടുകയായിരുന്നു.
പൊലിസ് കസ്റ്റഡിയിലെടുത്ത അനസിനെ കാര്‍ സഹിതം മലപ്പുറം പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു. മാന്യമായി പെരുമാറിയ അനസിനെ പ്രത്യേകം സെല്ലില്‍ ആക്കിയിരുന്നില്ല. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിനോട് സൗഹൃദത്തോടെ പെരുമാറി തന്ത്രപൂര്‍വം ബോര്‍ഡില്‍ തൂക്കിയിട്ടിരുന്ന കാറിന്റെ താക്കോല്‍ മോഷ്ടിച്ചു. താക്കോല്‍ കൈക്കലാക്കിയ അനസ് പൊലിസുകാരിയെ തള്ളിവീഴ്ത്തി സ്റ്റേഷന് പുറത്തേക്ക് ഓടി. പിന്നാലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഓടിയെങ്കിലും അനസ് കാറിനകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് ചട്ടിപ്പറമ്പ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ സുനില്‍രാജിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
പൊലിസ് അനസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീല്‍ നിര്‍മിക്കുന്ന ഉപകരണങ്ങളും രണ്ട് കാറുകളും കണ്ടെടുത്തു. ഇയാളുടെ സീലുകള്‍ ഉപയോഗിച്ച് നിരവധിയാളുകള്‍ വിദേശത്ത് ജോലി നേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച്് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."