ജനശതാബ്ദി പുറപ്പെട്ടത് കോഴിക്കോട്ടുനിന്ന്; കണ്ണൂരില്‍ യാത്രക്കാര്‍ കുടുങ്ങി
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ പുറപ്പെടുമെന്ന് അറിയിച്ച കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് യാത്രക്കാരെ കഷ്ടത്തിലാക്കി കോഴിക്കോട്ടുനിന്ന് പുറപ്പെട്ടതില്‍ പ്രതിഷേധം.
കണ്ണൂരില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. യാത്രക്കാര്‍ക്കു ടിക്കറ്റ് തുക മടക്കിനല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ജില്ലാ ഭരണകൂടം നല്‍കിയ അപേക്ഷ പരിഗണിച്ച് ഈ ട്രെയിന്‍ ഇന്നും കോഴിക്കോട് നിന്നാണ് പുറപ്പെടുകയെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷമുള്ള ആദ്യ സര്‍വിസായിരുന്നു ഇത്. പുലര്‍ച്ചെ 4.50ന് പുറപ്പെടാനായി ഞായറാഴ്ച രാവിലെ 11.30ന് ട്രെയിന്‍ കണ്ണൂരില്‍ എത്തിച്ചിരുന്നു.
കണ്ണൂരില്‍നിന്ന് പുറപ്പെടാനുള്ള സൗകര്യങ്ങള്‍ റെയില്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, പുലര്‍ച്ചെ ഒന്നോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയിന്‍ കോഴിക്കോട്ടേക്കു കൊണ്ടുപോവുകയായിരുന്നു. ഇതോടെ കണ്ണൂരില്‍നിന്ന് യാത്രയ്ക്കു റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ കുടുങ്ങി. പിന്നീട് വൈകിയാണു കണ്ണൂരില്‍നിന്ന് ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം റദ്ദാക്കിയെന്നു റെയില്‍വേ ഡിവിഷനല്‍ അധികൃതര്‍ അറിയിച്ചത്.
പല യാത്രക്കാരും പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിയപ്പോഴാണു ട്രെയിന്‍ റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇതോടെ യാത്രക്കാര്‍ രാവിലെ വരെ സ്റ്റേഷനില്‍ കുടുങ്ങി. കോഴിക്കോട്ടേക്കു കാലിയായി തിരിച്ച ട്രെയിന്‍ അവിടെ നിന്നു രാവിലെ 6.05ന് തിരുവനന്തപുരത്തേക്കു പുറപ്പെടുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നു യാത്രക്കാരുമായി പുറപ്പെട്ട നേത്രാവതി, മംഗള എക്‌സ്പ്രസ് ട്രെയിനുകള്‍ കണ്ണൂരില്‍ നിര്‍ത്തി. കണ്ണൂരില്‍ യാത്രക്കാരുടെ പരിശോധനയ്ക്കു ആരോഗ്യവകുപ്പ് സൗകര്യം ഒരുക്കാത്തതാണ് ജനശതാബ്ദി ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പുറപ്പെടാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.
സംസ്ഥാനത്തെ കൂടുതല്‍ ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങള്‍ ജില്ലയിലുണ്ടായതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കണ്ണൂരില്‍ നിന്നു യാത്രക്കാരുമായി ട്രെയിന്‍ പുറപ്പെടാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരെ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം സജ്ജമാക്കിയിരുന്നുവെന്ന് ഡി.എം.ഒ നാരായണ നായ്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."