മണ്‍മറഞ്ഞത് പണ്ഡിത തറവാട്ടിലെ സൗമ്യ സാന്നിധ്യം
വല്ലപ്പുഴ: പ്രമുഖ പണ്ഡിതനും വാണിയംകുളം ജാമിഅ:റഹീമിയ്യ അറബിക് കോളജ് പ്രധാന അധ്യാപകനുമായ മാരായമംഗലം എം. ടി ആലി മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് പണ്ഡിത തറവാട്ടിലെ സൗമ്യ സാന്നിദ്ധ്യത്തെ. 1936 ല്‍ മാണിത്തൊടി അയമുവിന്റെയും പഴയതൊടി ഖദീജയുടെയും മകനായി ജനിച്ച അദ്ദേഹം ഏഴു പതിറ്റാണ്ടുകാലം മതപഠന വിദ്യാഭ്യാസ പ്രചരണ രംഗത്ത് നിറസാന്നിദ്ധ്യമായി. കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, ചളവറ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതരില്‍ നിന്ന് വിജ്ഞാനം നുകര്‍ന്ന അദ്ധേഹം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക് കോളജില്‍ നിന്നും ബിരുദം നേടി. തുവ്വൂര്‍, കൊളപ്പറമ്പ്, കാര്യവട്ടം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ അധ്യാപന ജീവിതത്തിന് ശേഷം വാണിയംകുളം ജാമിഅ:റഹീമിയ്യ അറബിക് കോളജില്‍ പ്രധാന അധ്യാപകനായി സേവനം അനുഷ്ടിക്കവേയാണ് അന്ത്യം സംഭവിച്ചത്. അരനൂറ്റാണ്ട് പിന്നിട്ട മതാധ്യാപന സപര്യയിലെ ഒരു പതിറ്റാണ്ട് വാണിയംകുളം ജാമിഅ റഹീമിയ്യയിലായിരുന്നു. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ആവേശം ചോരാത്ത അധ്യാപനവും നിറപുഞ്ചിരിയോടെയുള്ള സമീപനവും റഹീമിയ്യകോളജിന് ഈറനണിഞ്ഞ ഓര്‍മ്മകള്‍ മാത്രം.
കഴിഞ്ഞ അധ്യയന വര്‍ഷത്തെ തന്റെ ഉത്തരവാദിത്വങ്ങളെല്ലാം നിറവേറ്റി പുതുവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനിരിക്കുമ്പോഴാണ് വിയോഗം. പാണ്ഡിത്യത്തിന്റെ ബാഹ്യ പ്രകടനങ്ങളോ ആധുനിക നാട്യങ്ങളോ കാണിക്കാതെ അധ്യാപനവും ആത്മീയതയുമായി കഴിഞ്ഞുകൂടിയ ഉസ്താദ് വന്‍ ജനാവലിയുടെ സാനിദ്ധ്യത്തില്‍ ആറടി മണ്ണിലേക്ക് യാത്രയായപ്പോള്‍, നഷ്ടമായത് പണ്ഡിത തറവാട്ടിലെ ഇരുത്തം വന്ന ഒരംഗം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."