കല്ല്, മണല്‍ ഖനന നിരോധനം: ക്വാറി അസോസിയേഷന്‍ വീണ്ടും കോടതിയിലേക്ക്
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍പ്പെട്ട ആറാട്ടുപാറ, കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ, ഫാന്റം റോക്ക് എന്നിവയുടെ നിശ്ചിത ദൂരപരിധിയില്‍ പുനസ്ഥാപിച്ച ക്വാറി-ക്രഷര്‍ വിലക്കിനെതിരേ ഓള്‍ കേരള ക്വാറി അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു.
ഫെബ്രുവരി ഒന്നിനു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 22ന് നടത്തിയ ഹിയറിങ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഹസനമാക്കിയെന്ന് ആരോപിച്ചും ക്വാറി-ക്രഷര്‍ വിലക്ക് വീണ്ടും പ്രാബല്യത്തിലാക്കിയ നടപടി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് നിയമസഹായം തേടുന്നതെന്ന് ക്വാറി അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സെക്രട്ടറി കെ യൂസഫ് പറഞ്ഞു.
അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 3051ലുള്ള ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കിലോമീറ്ററും കൃഷ്ണഗിരി വില്ലേജിലെ ഫാന്റം റോക്ക്, കൊളഗപ്പാറ എന്നിവയുടെ അതിര്‍ത്തിക്ക് 200 മീറ്ററും പരിധിയില്‍ ഖനനം വിലക്കി 2006 ഓഗസ്റ്റ് രണ്ടിന് അന്നത്തെ ജില്ലാ കലക്ടറും ദുരന്ത നിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാനുമായ വി കേശവേന്ദ്രകുമാറാണ് ഉത്തരവുകള്‍ ഇറക്കിയത്.
പിന്നീട് അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 2981എ1എ1എയില്‍പ്പെട്ട ചീങ്ങേരിപ്പാറയുടെ 200 മീറ്റര്‍ പരിധിയില്‍ ഖനന നിരോധനം ബാധകമാക്കി. ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം മൂലമുള്ള പരിസ്ഥിതിനാശം കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയുമായിരുന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ ഉത്തരവുകള്‍.
ഇവയുടെ പാലനം ഉറപ്പുവരുത്തുന്നതിനു ഇതേ നിയമത്തിലെ സെക്ഷന്‍ 30(2) അഞ്ച് പ്രകാരം സു.ബത്തേരി തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അതോറിറ്റി ചെയര്‍മാന്‍ നിര്‍ദേശവും നല്‍കയിരുന്നു.
ഇതിനെതിരേ കേരള ക്വാറി അസോസിയേഷന്‍ സു.ബത്തേരി താലൂക്ക് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഫെബ്രുവരി ഒന്നിലെ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയും പ്രദേശത്ത് പാട്ടത്തിനെടുത്തടക്കം ഭൂമി കൈവശംവച്ച് ഉപജീവമാര്‍ഗം കണ്ടെത്തുന്നവരുടെ ഭാഗം കേള്‍ക്കാതെയും ഇറക്കിയ ഉത്തരവുകളുടെ സാധുത ചോദ്യം ചെയ്തായിരുന്നു ക്വാറി അസോസിയേഷന്റെ ഹര്‍ജി.
വിലക്ക് ബാധകമായ പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ഉപജീവനം നടത്തുന്നവര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാതെ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്.
വിധിപ്പകര്‍പ്പ് ലഭിച്ച് രണ്ട് മാസത്തിനകം ഹരജിക്കാര്‍ക്കും മറ്റും അവരുടെ പക്ഷം പറയാന്‍ മതിയായ അവസരം നല്‍കിയശേഷം ക്വാറി-ക്രഷര്‍ വിലക്കില്‍ അന്തിമ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് നടത്തിയ ഹിയറിങില്‍ ക്വാറി-ക്രഷറര്‍ ഉടമകളും തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും വാദങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.
ക്വാറി-ക്രഷര്‍ വിലക്കിനോട് യോജിപ്പും വിയോജിപ്പും ഉള്ളവരുടെ വാദങ്ങള്‍ പരിശോധിച്ചശേഷമാണ് 2016 ഓഗസ്റ്റ് രണ്ടിലെ ഉത്തരവുകള്‍ വീണ്ടും പ്രാബല്യത്തിലാക്കി ഇപ്പോഴത്തെ ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. ബി.എസ് തിരുമേനി മാര്‍ച്ച് 24ന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."