ബോഗികള്‍ ഉരുണ്ട് നീങ്ങി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കൊച്ചി:സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപം നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ തനിയെ ഉരുണ്ടുവന്ന് സിഗ്നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഗാതഗം മണിക്കൂറുകളോളം തടസപെട്ടു. രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
ദീര്‍ഘ ദൂര ട്രെയിനുകള്‍ മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ രാവിലെ7.45 നായിരുന്നു സംഭവം.
നിര്‍ത്തിയിട്ടിരുന്ന എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ പിന്‍ഭാഗത്തെ കമ്പാര്‍ട്ട്മെന്റാണ് വേര്‍പെട്ട് നീങ്ങിയത്. അഞ്ച് ബോഗികള്‍ 80 മീറ്ററോളം പിന്നിലേക്ക് നീങ്ങി. ബോഗികള്‍ എറണാകുളം - നിലമ്പൂര്‍ ട്രെയിന്‍ കടന്നു പോകേണ്ട പാളത്തിലേക്ക് എന്‍ജിനില്ലാതെ കടന്ന് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
സിഗ്നല്‍ ലഭിക്കാതെ കമ്പാര്‍ട്ട്മെന്റ് തനിയെ മുന്നോട്ട് നീങ്ങിയതോടെ അപകട സൂചന നല്കി സിഗ്നലുകള്‍ തനിയെ വിഛേദിക്കപ്പെട്ടു. 11.30 ഓടെയാണ് ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിച്ചത്.
കോച്ചുകള്‍ നിര്‍ത്തിയിടുമ്പോള്‍ പാലിക്കേണ്ട സുരക്ഷ നടപടികളിലെ വീഴ്ചയാണ് തനിയെ ഉരുളാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഇതോടെ ഇതുവഴി കടന്നുപോകേണ്ട ട്രെയിനുകളെല്ലാം വഴിയില്‍ നിര്‍ത്തിയിട്ടു.
എറണാകുളം വഴിയുള്ള പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എന്നിവ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്താതെ ടൗണ്‍ സ്റ്റേഷന് വഴി തിരിച്ചുവിട്ടു.
കൊല്ലം എറണാകുളം പാസഞ്ചര്‍ തൃപ്പുണിത്തുറയിലും, വേണാട് എക്സ്പ്രസ് മുളന്തുരുത്തിയിലും, ബംഗ്ലൂരു കന്യാകുമാരി ഐലന്റ് എക്സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനിലും മൂന്ന് മണിക്കൂറോളം പിടിച്ചിട്ടു.
അങ്കമാലി- എറണാകുളം, എറണാകുളം- അങ്കമാലി പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."