അനിശ്ചിതകാല സമരം 50ാം ദിവസം
പയ്യന്നൂര്‍: രാമന്തളിയിലെ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 50ാം ദിവസത്തിലേക്ക് കടന്നു.
സമരപന്തലില്‍ സമരസമിതി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാല്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പയ്യന്നൂരില്‍ രൂപീകരിച്ച സമര സഹായസമിതിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ മുതല്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഉപവാസ സമരം നടത്തും. രാവിലെ 10ന് കവി കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും.
സമരം 50ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്ത അധികൃതരുടെ നടപടിയില്‍ ജന ആരോഗ്യ സംരക്ഷണ സമിതി യോഗം പ്രതിഷേധിച്ചു. നിരാഹാര സമരം തുടരുന്നതോടൊപ്പം തന്നെ ശക്തമായ മറ്റു സമര പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കെ.പി രാജേന്ദ്രന്, പി.കെ നാരായണന്, വിനോദ് രാമന്തളി, ഇ.സി ഭാസ്ക്കരന്‍, കെ.പി ഹരീഷ് കുമാര്‍, സുനില്‍ രാമന്തളി, കെ.എം അനില്‍കുമാര്‍, കെ.പി ദിലീപ്, ടി.കെ രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."