സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷ: ദാറുല്‍ഹുദാ അസം കാംപസിന് നൂറുമേനി
ബാര്‍പേട്ട: അസമിലെ സെക്കന്ററി വിദ്യാഭ്യാസ ബോര്‍ഡ് (സേബ) നടത്തിയ പൊതുപരീക്ഷയില്‍ ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ അസം കാംപസിലെ വിദ്യാര്‍ഥികള്‍ക്ക് നൂറുമേനി വിജയം. കാംപസിലെ പ്രഥമ ബാച്ചില്‍പെട്ട 31 വിദ്യാര്‍ഥികളാണ് സ്റ്റേറ്റ് ബോര്‍ഡ് (എസ്.എസ്.എല്‍.സി) പരീക്ഷ എഴുതിയത്. ഇതില്‍ 27 പേര് ഫസ്റ്റ് ക്ലാസോടെയും നാല് പേര് സെക്കന്റ്റ് ക്ലാസോടെയും പാസായി. രണ്ടു പേര്‍ക്ക് ഡിസ്റ്റിങ്ഷനും ലഭിച്ചു.
കേരളേതര സംസ്ഥാനങ്ങളിലെ സാമൂഹിക ഉത്ഥാനം ലക്ഷ്യമാക്കി ദാറുല്‍ഹുദാ വിഭാവനം ചെയ്ത നാഷനല്‍ പ്രൊജക്ടിന്റെ ഭാഗമായി 2014 ലാണ് വാഴ്സിറ്റിയുടെ മൂന്നാമത് കാംപസ് അസമിലെ ബാര്പേ ജില്ലയിലെ ബൈശ വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
നിലവില്‍ ആറു ബാച്ചുകളിലായി 269 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. അസമിനു പുറമെ പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും ദാറുല്‍ഹുദായുടെ കാംപസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുമേനി വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ദാറുല്‍ഹുദാ മാനേജ്മെന്റ് പ്രത്യേകം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."