സഊദിയിൽ വിവിധയിടങ്ങളിൽ ഒരു ദിവസം മരണപ്പെട്ടത് ഏഴു മലയാളികൾ
റിയാദ്: സഊദിയുടെ വിവിധയിടങ്ങളിൽ ഒരു ദിവസം മരണപ്പെട്ടത് ഏഴു മലയാളികൾ. ഹൃദയാഘാതമാണ് പല മരണങ്ങളുടെയും കാരണങ്ങളെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതത്തെത്തുടർന്ന് ആലുവ സ്വദേശി ജിദ്ദയിൽ മരിച്ചു. പാനായിക്കുളം മേത്താനം പള്ളിമുറ്റത്ത് അബ്ദുൽ റഹ്മാൻ (58) ആണ് മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളുമായി രണ്ടാഴ്‌ചകൾക്കുമുമ്പ് ജിദ്ദ ഇബ്‌നു സീന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് നാല് ദിവസങ്ങൾക്കു മുമ്പ് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടക്കാണ് മരണം സംഭവിച്ചത്. സനാഇയ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റംല. മക്കൾ: റഹീന ഇഖ്ബാൽ, ഫാത്തിമ ഷാജഹാൻ, മെഹറുന്നിസ മുനീർ. മൃതദേഹം ജിദ്ദയിൽ ഖബറടക്കാനുള്ള നടപടികൾ നടന്നു വരികയാണ്.
കിഴക്കൻ സഊദിയിലെ ജുബൈലിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് (50) ആണ് മരിച്ചത്. 11 ദിവസം മുമ്പ് തല കറക്കം അനുഭവപ്പെട്ട് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചായിരുന്നു മരണം. പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്) അഫ്ത്താബ് (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ് ഇംഗ്ലിഷ് മീഡിയം സ്കൂൾ). സഹോദരങ്ങൾ: പാണക്കോട്ടിൽ ഹാമീദലി, ജമീല, അബ്ദുൽ ജബ്ബാർ (ഖത്തർ), റസിയ, സൽമ, ജാഫർ.
കണ്ണൂർ സ്വദേശി താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. കണ്ണൂർ മട്ടന്നൂർ പരിയാരം സ്വദേശി പാണ്ടികശാല അബ്ദുറഊഫ് (34) ആണ് അസീസിയയിലെ റൂമിൽ മരിച്ചത്. ഭാര്യ: മുനീറ. മക്കൾ: ഫാത്വിമ, ആയിശ, നഫീസതുൽ മിസ്രിയ. ഖബറടക്ക നടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് അംഗങ്ങൾ രംഗത്തുണ്ട്.
പാലക്കാട് സ്വദേശി റിയാദിലാണ് മരണപ്പെട്ടത്. പാലക്കാട് മണ്ണാർക്കാട് മണലടി സ്വദേശി പൂക്കുന്ന് അബ്ദുസലാം ഫൈസി (49) ആണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. റിയാദിൽ സ്പോർട്സ് ഷോപ്പിൽ സെയിൽസ്മാനായിരുന്നു. ന്യൂമോണിയ മൂർഛിച്ച് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഫാത്വിമ. ഭാര്യ: റംലത്ത്. മക്കള്: തസ്ലീന നസ്രിൻ, നാജിയ നസ്രിൻ. മരണാനന്തര നടപടികൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാകമ്മിറ്റി, ദാറുസ്സലാം ടീമംഗങ്ങളായ റാഫി, ഇർഷാദ് എന്നിവർ രംഗത്തുണ്ട്.
കൊല്ലം കൊട്ടിയം സ്വദേശി ശമീര്‍ സജീര്‍ (39) എന്നയാളും റിയാദിൽ മരണപ്പെട്ടു. ശുമൈസി ദാറുല്‍ ശിഫ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മാതാവ്: ഫാതിഷ. പിതാവ് : സജീര്‍. ഭാര്യ: അജ്മി. ഒരുവര്‍ഷം മുന്‍പാണ് ഇദ്ദേഹം വിവാഹിതനായത്. മരണാനന്തര നടപടികളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ മുനീര്‍ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.
കണ്ണൂര്‍ ചാലാട് സ്വദേശി പൊന്നമ്പത്ത് ചാക്കട്ടില്‍ സജീവന്‍ (49) നിര്യാതനായി. അച്ഛന്‍: നാരായണന്‍. അമ്മ: വസുമതി അമ്മ. ഭാര്യ: റീന. മക്കള്‍: രാഹുല്‍, സൗരവ്. അനന്തരനടപടികള്‍ക്ക് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.
പേരാമ്പ്ര സ്വദേശി റിയാദിൽ മരണപ്പെട്ടു. എൻ എം മുഹമ്മദ് (46) ആണ് റിയാദിൽ മരണപ്പെട്ടത്. റിയാദ് അൽ ഈമാൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. സമസ്‌ത ഇസ്‌ലാമിക് സെന്റർ സജീവ പ്രവർത്തകനും വിഖായ വളണ്ടിയറുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."