കൊട്ടാരക്കരയില്‍ ഹര്‍ത്താല്‍ സമാധാനപരം
കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിലും പവിത്രേശ്വരം പഞ്ചായത്തിലും ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സി പതിവ് പോലെ സര്‍വിസ് നടത്തി. സ്വകാര്യ വാഹനങ്ങള്‍ പതിവ് പോലെ നിരത്തിലിറങ്ങിയെങ്കിലും ഓട്ടോ ടാക്‌സികള്‍ വിരലില്‍ എണ്ണാവുന്നത് ഓടിയത്.
മണ്ഡലത്തിലെ സ്‌കൂളുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. ബാങ്കുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കൊട്ടാരക്കര നഗരവും പരിസര പ്രദേശങ്ങളും പൂര്‍ണമായും പൊലിസ് നിയന്ത്രണത്തിലായിരുന്നു. പൊലിസ് ക്യാംപില്‍നിന്ന് മറ്റ് സ്റ്റേഷനുകളില്‍നിന്നുമായി കൂടുതല്‍ പൊലിസിനെ ഇതിനായി വിന്യസിപ്പിച്ചിരുന്നു. കൊട്ടാരക്കര താലൂക്കില്‍ കലക്ടറുടെ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രകടനങ്ങളോ യോഗങ്ങളോ ഒന്നും തന്നെ നടന്നില്ല.
ഇറച്ചി വ്യാപാരിയെയും സഹായികളെയും ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതിയായ വിഷ്ണുവിന്റെ വീട് തിങ്കളാഴ്ച്ച ഉച്ചയോടെ മുഖം മൂടിയണിഞ്ഞെത്തിയ സംഘം ആക്രമിച്ചിരുന്നു.
ഈ സംഭവുമായി ബന്ധപ്പെട്ടാണ് കൊട്ടാരക്കര മണ്ഡലത്തിലും പവിത്രേശ്വരത്തും ബി.ജെ.പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഈ കേസിലെ പ്രതികളെ പൊലിസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."