മോദി ലോകം മുഴുവന്‍ സഞ്ചരിച്ചു; എന്നാല്‍, സ്വന്തം ജനങ്ങളെ മറന്നു: പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തിയ ഒരാളാണ് നരേന്ദ്രമോദി. ലോകം മൊത്തം സഞ്ചരിച്ച് ആളുകളെ കണ്ട മോദി സ്വന്തം മണ്ഡലമായ വാരാണസിയെയും അവിടുത്തെ ജനങ്ങളെയും മറന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരത്തില്‍ കയറിയ ശേഷം സ്വന്തം മണ്ഡലമായ വാരാണസിയില്‍ മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു.
'പ്രധാനമന്ത്രി അമേരിക്കയും, ജപ്പാനും, ചൈനയും സന്ദര്‍ശിച്ച് അവിടുത്തെ ആളുകളെയെല്ലാം ആലിംഗനവും ചെയ്തു ആ നാട് കാണുകയും ചെയ്തു. അധികാരത്തില്‍ കയറിയെ ശേഷം സ്വന്തം മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനോ അവിടുത്തെ ജനങ്ങളെ കാണുകയോ ചെയ്തിട്ടില്ല.' അയോധ്യയില്‍ നടന്ന റാലിക്കിടെ പ്രിയങ്ക പറഞ്ഞു.
'കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമത്തിലെങ്കിലും മോദി സന്ദര്‍ശനം നടത്തിയിരുന്നോ എന്ന് ആളുകളോട് ഞാന്‍ അന്വേഷിച്ചു. ഇല്ലെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി.
ഞാന്‍ അത്ഭുതപ്പെട്ടുപോയി, കാരണം അദ്ദേഹം സ്വന്തം മണ്ഡലത്തിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം പബ്ലിസിറ്റിയിലൂടെ സ്വയം സൃഷ്ടിച്ച ജനപ്രീതി അത്ര വലുതാണ്' പ്രിയങ്ക പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളെ കേള്‍ക്കണം. എന്നാല്‍ ബി.ജെ.പിക്ക് നിങ്ങളുടെ ശബ്ദം കേള്‍ക്കേണ്ട. അവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണ് ബി.ജെ.പിയെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."