രക്ഷപ്പെടുന്ന ഹിന്ദുത്വ ഭീകരര്‍; നിസ്സഹായരാകുന്ന ജഡ്ജിമാര്‍
രാഷ്ട്രീയ എതിരാളികളെയും മുസ്‌ലിം ന്യൂനപക്ഷങ്ങളെയും കള്ളക്കേസുകളില്‍ കുടുക്കിയും സാക്ഷികളെ ഭീഷണിപ്പെടുത്തിയും തെളിവുകള്‍ നല്‍കുന്നതില്‍ പിന്തിരിപ്പിച്ചും ഭരണകൂട ഭീകരത രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. അതില്‍ അവസാനത്തേതായിരുന്നു സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് അട്ടിമറിച്ചത്. കേസിന്റെ വിധി പ്രസ്താവം കേട്ടപ്പോള്‍ തന്നെ പൊതുസമൂഹം ഉറപ്പിച്ചതാണ് ബി.ജെ.പി സര്‍ക്കാര്‍ കേസ് അട്ടിമറിച്ചുവെന്ന്. എന്നാല്‍ വിധിന്യായം പുറത്ത് വരുംമുന്‍പു തന്നെ ഉറപ്പായിരുന്നു സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയുമായ അസിമാനന്ദ യാതൊരു പരുക്കും ഏല്‍ക്കാതെ കേസില്‍നിന്ന് ഊരിപ്പോരുമെന്ന്. ഇപ്പോഴിതാ സംഝോത എക്‌സ്പ്രസ് സ്‌ഫോടനകേസ് വിധിപറഞ്ഞ ജഡ്ജിയും കുറ്റസമ്മതം നടത്തിയിരിക്കുന്നു. കേസ് തെളിയിക്കപ്പെടാതെ പോയതിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതിലും വിധിപറഞ്ഞ ജഡ്ജി ജഗ്ദീപ് സിങ് തന്റെ ദുഃഖം ഏറ്റുപറഞ്ഞിരിക്കുകയാണിപ്പോള്‍.
ഭീകരവും അതിനീചവുമായ ഒരു കുറ്റകൃത്യം നടത്തിയ പ്രതികള്‍ വിശ്വസനീയവും സ്വീകാര്യവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നാണ് വിധിന്യായത്തിന്റെ പകര്‍പ്പില്‍ ജസ്റ്റിസ് ജഗ്ദീപ് സിങ് പറയുന്നത്. സ്വാമി അസിമാനന്ദ, ലോകേഷ് ശര്‍മ, കമല്‍ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നീ നാലു പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയല്ലാതെ കോടതിക്ക് മുന്നില്‍ വേറെ വഴിയുണ്ടായിരുന്നില്ല. സത്യവും നീതിയും ധര്‍മവുമല്ല കോടതികള്‍ പരിഗണിക്കുക. രേഖപ്പെടുത്തപ്പെട്ട തെളിവുകള്‍ പരിശോധിച്ച് നിയമവും നടപടികളും നോക്കി വിശകലനം ചെയ്ത് അന്തിമതീരുമാനത്തിലെത്തുക മാത്രമാണ് കോടതികള്‍ക്ക് ചെയ്യാനാവുക. എന്നാല്‍ അതിലേക്കുള്ള പാത ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം എന്‍.ഐ.എ കൊട്ടിയടക്കുകയായിരുന്നു. കേസ് കുഴിച്ചുമൂടുവാന്‍ ദേശീയ അന്വേഷണ ഏജന്‍സി ശ്രമം നടത്തിയെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വികാസ് നരെയ്ന്‍ വിധിപ്രസ്താവം വന്നയുടനെതന്നെ പ്രതികരിച്ചതാണ്.
സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ അസിമാനന്ദക്കും സംഘത്തിനുമുള്ള നിര്‍ണായക പങ്ക് പുറത്തുകൊണ്ടുവന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വികാസ് നരെയ്ന്‍ റായ്. ബോംബ് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ബാഗ് ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയതാണെന്ന് കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു.
2007ലെ അജ്മീര്‍ ദര്‍ഗ, ഹൈദരാബാദിലെ മക്ക മസ്ജിദ്, മലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ നടത്തിയതും ഇതേസംഘം തന്നെയായിരുന്നു. ഈ കേസ് ഇല്ലാതാക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന രോഹിണിസാല്യാന്റെമേല്‍ എന്‍.ഐ.എ സമ്മര്‍ദം ചെലുത്തിയ വിവരം അവര്‍തന്നെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ വികാസ് നരെയ്ന്‍ റായ് പറയുന്നു രോഹിണി സാല്യാന്റെമേല്‍ എന്‍.ഐ.എ കേസ് തേയ്ച്ച് മായ്ച്ച് കളയാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന്.
എന്നാല്‍ അവര്‍ സമ്മതിച്ചില്ല. പ്രതികാരമെന്നോണം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത്‌നിന്ന് മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാര്‍ അവരെ പിരിച്ചുവിടുകയായിരുന്നു. കേസിലെ എല്ലാ തെളിവുകളും മൊഴികളും പ്രതികള്‍ക്ക് എതിരായിരുന്നു.
മാത്രവുമല്ല കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലും മെട്രോ പൊളിറ്റന്‍ ജഡ്ജി മുന്‍പാകെ നല്‍കിയ മൊഴിയിലും താനും തന്റെ സംഘവുമാണ് മേല്‍പറഞ്ഞ സ്ഥലങ്ങളിലെല്ലാം സ്‌ഫോടനം നടത്തിയതെന്ന് അസിമാനന്ദ തന്നെ തുറന്ന് പറഞ്ഞതാണ്. എന്നിട്ടും അസിമാനന്ദ ശിക്ഷിക്കപ്പെട്ടില്ല. നേരത്തെ മൊഴികൊടുത്ത സാക്ഷികളെ ഭീഷണിപ്പെടുത്തി എന്‍.ഐ.എ പിന്തിരിപ്പിക്കുകയും ചെയ്തു. കേസ് അന്വേഷിച്ചതും എന്‍.ഐ.എ, അട്ടിമറിച്ചതും എന്‍.ഐ.എ. അസിമാനന്ദയും സംഘവുമാണ് സ്‌ഫോടനങ്ങളെല്ലാം നടത്തിയതെന്ന് മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയും കണ്ടെത്തിയിരുന്നു.
മിലിറ്ററി ഇന്റലിജന്‍സ് ഓഫിസറായ കേണല്‍ ശ്രീകാന്ത് പുരോഹിത് സൈന്യത്തില്‍നിന്ന് കടത്തിക്കൊണ്ടുവന്ന ആര്‍.ഡി.എക്‌സാണ് മലെഗാവിലും മക്കാമസ്ജിദിലും സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ പൊലിസ് ഓഫിസറായിരുന്നു ഹേമന്ദ് കര്‍ക്കറെ. സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന് ഉപയോഗിച്ചതും ഇതേ ആര്‍.ഡി.എക്‌സ് ആയിരുന്നുവെന്ന് പുരോഹിത് കുറ്റസമ്മതം നടത്തിയതുമാണ്. 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെടുകയായിരുന്നു. ഈ മരണം ദുരൂഹമായി തുടരുന്നു.
മുസ്‌ലിംകളുടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ബോംബിന് ബോംബ് എന്ന നയപ്രകാരമാണ് സ്‌ഫോടനം നടത്തിയതെന്ന് 42 പേജുള്ള കുറ്റസമ്മത മൊഴിയില്‍ അസിമാനന്ദ സമ്മതിച്ചതാണ്. സ്‌ഫോടനത്തിലെ തന്റെ പങ്കിനെക്കുറിച്ച് കുറ്റസമ്മതം രേഖപ്പെടുത്തണമെന്ന് 2014 ഡിസംബര്‍ 18ന് അസിമാനന്ദ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക്‌ബോസിന് അപേക്ഷ നല്‍കുകയും അദ്ദേഹത്തിന് മുന്‍പാകെ സി.ആര്‍.പി.എഫ്.സി 164-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുകയും ചെയ്തതാണ്. ഈ മൊഴി സമ്മര്‍ദത്താലാണ് താന്‍ നല്‍കിയതെന്ന് അസിമാനന്ദ പിന്നീട് വിചാരണവേളയില്‍ മാറ്റിപ്പറഞ്ഞു. ഒരു ജഡ്ജിയുടെ മുമ്പാകെ സമ്മര്‍ദത്തിന് വഴങ്ങി കുറ്റസമ്മതം നടത്തേണ്ട ആവശ്യമില്ല. പൊലിസ് മുന്‍പാകെയല്ല അസിമാനന്ദ കുറ്റസമ്മതം നടത്തിയത്.
നീതിന്യായ കോടതികളെയും ഭരണഘടനാ സ്ഥാപനങ്ങളായ സി.ബി.ഐയെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെയും പത്ര മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തിയും റെയ്ഡ് നടത്തിയും പ്രലോഭിപ്പിച്ചും തകര്‍ത്തുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ഉപകരണമായ ദേശീയ അന്വേഷണ ഏജന്‍സി അജ്മീര്‍, മലേഗാവ്, മക്ക മസ്ജിദ് തുടങ്ങിയ ഹിന്ദുത്വവാദികള്‍ പ്രതികളായ കേസുകള്‍ അട്ടിമറിച്ചതുപോലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസും അട്ടിമറിച്ചു. ഈ വസ്തുതകളെല്ലാം സമൂഹത്തിന്റെ പൊതുബോധത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതുമാണ്. പക്ഷെ അത്തരം കാര്യങ്ങള്‍വച്ച് കോടതികള്‍ക്ക് മുന്നോട്ട് പോകാനാവില്ലെന്ന ജഡ്ജി ജഗ്ദീപ് സിങ്ങിന്റെ പരിദേവനം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അപചയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
പ്രതികള്‍ കുറ്റകൃത്യം നടത്തിയതിനോ തീരുമാനമെടുത്തതിനോ ഇവര്‍ തമ്മില്‍ കണ്ടതിനോ തെളിവില്ല. വാക്കാലോ രേഖാമൂലമോ ഇവരെ തമ്മില്‍ ബന്ധപ്പെടുത്തുന്ന യാതൊരുവിധ തെളിവും കോടതി മുന്‍പാകെ ഹാജരാക്കിയില്ല. ഇവര്‍ സംഘം ചേര്‍ന്നുവെന്നും ഇവര്‍ക്ക് സ്‌ഫോടന ലക്ഷ്യം ഉണ്ടായിരുന്നുവെന്നും തെളിയിക്കപ്പെട്ടില്ല. ചാര്‍ത്തിയ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എല്ലാം എന്‍.ഐ.എ തകര്‍ക്കുകയായിരുന്നു. ഇത്തരം ഒരവസ്ഥയില്‍ സത്യസന്ധരായ ന്യായാധിപന്മാര്‍ തങ്ങളുടെ പരിമിതികളോര്‍ത്ത് വിലപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."