പൊലിസിന് ബിഗ് സല്യൂട്ട്; അപര്‍ണയും കുടുംബവും ഇനി സുരക്ഷിതമായി അന്തിയുറങ്ങും
വണ്ടൂര്‍: തിരുവാലി ചാത്തക്കാട്ടെ നാലാം ക്ലാസുകാരി അപര്‍ണക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. കേരള പൊലിസിന്റെ നേതൃത്വത്തില്‍ മേഴ്‌സികോപ്പ് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഇന്റലിജന്‍സ് എസ്.പി സുനില്‍ ഐ.പി.എസ് നിര്‍വഹിച്ചു.
തിരുവാലി ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാരിയാണ് അപര്‍ണ. മരത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ വീട്ടിലായിരുന്നു ഇവരുടെ അന്തിയുറക്കം. വൈദ്യുതിയില്ലാത്ത കൂരയില്‍ കാറ്റടിച്ചാല്‍ തീ പടരുമെന്നതിനാല്‍ രാത്രിയായാല്‍ ആകെയുള്ള മണ്ണെണ്ണ വിളക്ക് തെളിയിക്കാന്‍ പോലും ഇവര്‍ക്ക് ഭയമായിരുന്നു. എന്‍.എസ്.എസ് ക്യാംപ് നടക്കുമ്പോഴാണ് ഇവരുടെ ദയനീയാവസ്ഥ വണ്ടൂര്‍ വി.എം.സി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഓഫിസര്‍ എം. വിനോദിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
വീടില്ലാത്തത് അപര്‍ണയുടെ പഠനത്തെയും സാരമായി ബാധിച്ചു. ഇതോടെ വണ്ടൂര്‍ സി.ഐ ആയിരുന്ന വി. ബാബുരാജന്‍ സ്ഥലം സന്ദര്‍ശിക്കുകയും സഹായം വാഗ്ദാനം നല്‍കുകയും ചെയ്തതോടെയാണ് അപര്‍ണയുടെ വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചത്. നാല് മാസം കൊണ്ടാണ് ഏഴുലക്ഷം രൂപ ചിലവില്‍ മനോഹരമായ വീടൊരുക്കിയത്.വീടിന്റെ തറ നിര്‍മാണം മുതല്‍ താക്കോല്‍ദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ചത് സി. ഐ. വി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലിസുകാരാണ്
നിര്‍മാണ ചെലവില്‍ 2.62 ലക്ഷം രൂപ പഞ്ചായത്ത് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നല്‍കി. ബാക്കി മുഴുവന്‍ തുകയും മേഴ്‌സികോപ്പ് ആണ് വഹിച്ചത്. തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് എ. കോമളവല്ലി അധ്യക്ഷയായി. ക്രൈം ബ്രാഞ്ച് എസ്.പി കെ. സുദര്‍ശന്‍, വിജിലന്‍സ് ഡി.വൈ.എസ്.പി രാമചന്ദ്രന്‍, വടകര ഡി. വൈ.എസ്.പി സുരേഷ്, പൊലിസ് ഇന്‍സ്‌പെക്ടര്‍മാരായ വി. ബാബുരാജന്‍, കെ.എം ബിജു, അബ്ദുല്‍ മജീദ്, പി. അബ്ദുല്‍ മുനീര്‍, എസ്.ഐ കെ. ശിവദാസന്‍, കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.പി പ്രദീപ് കുമാര്‍, കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ സെക്രെട്ടറി അലവി കണ്ണംകുഴി, കോട്ടക്കല്‍ ആര്യവൈദ്യശാലാ ഗവേഷകന്‍ ഡോ. പ്രഭു, സ്‌കൂള്‍ പ്രധാനാധ്യാപിക എം. ഫസീല ബീവി, എം. വിനോദ് സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."