തയ്ക്വാന്ഡോയ്ക്ക് ഗ്രാന്റുകള്‍ നല്കുന്നതിനെതിരേ പരാതിയുമായി ദേശീയ താരങ്ങള്‍
മട്ടാഞ്ചേരി: കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയോ അംഗീകാരമില്ലാത്ത കായിക ഇനമായ തയ്ക്വാന്ഡോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്കുന്നതിനെതിരേ മുന്‍ ദേശീയ താരങ്ങള്‍ രംഗത്ത്. മുന്‍ ദേശീയ താരവും ദേശീയ റഫറിയുമായ ലില്ലി അനില്‍ ഫ്രാന്‍സിസാണ് ഇക്കാര്യം തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയമപ്രകാരം കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയോ അംഗീകാരം ഇല്ലാത്ത കായിക ഇനങ്ങള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം നല്‍കുകയോ ഗ്രാന്റുകള്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്.
എന്നാല്‍ കൗണ്‍സില്‍ നിയമങ്ങള്‍ ലംഘിച്ച് വിവിധ ഗ്രാന്റുകള്‍ നല്കിക്കൊണ്ടിരിക്കയാണ്. ഈ ഇനത്തില്‍ സംസ്ഥാന മത്സര വിജയികളാകുന്ന കുട്ടികള്‍ക്ക് ദേശീയ മത്സരത്തില്‍ പങ്കെടുക്കാനും കഴിയുന്നില്ല എന്നത് കുട്ടികളുടെ ഭാവി തകര്‍ക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അസോസിയേഷന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്ന ഗ്രാന്റുകള്‍ ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുവാനുള്ള ഒരുക്കത്തിലാണ് തയ്ക്വാന്‍ഡോ മുന്‍ ദേശീയ താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."