സിക്ക്, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരേ യു.എസില്‍ വീണ്ടും വംശീയ ആക്രമണം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വീണ്ടും വംശീയ ആക്രമണം. സിക്കുകാരനായ കാര്‍ ഡ്രൈവര്‍ ഹര്‍കിത് സിങ് (25) നെതിരേയാണ് മദ്യപിച്ചെത്തിയ നാലു യാത്രക്കാര്‍ ആക്രമണം നടത്തിയത്. ഏപ്രില്‍ 16 നായിരുന്നു സംഭവം.
ടര്‍ബന്‍ ഡേ യോടനുബന്ധിച്ചു ടൈം ചത്വരത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കു ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായത്. വംശീയ ആക്രമണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി പൊലിസ് അന്വേഷണം ആരംഭിച്ചു. 20 വയസ് പ്രായമുള്ള സ്ത്രീയുള്‍പ്പെടെ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബ്രോണ്‍സിലേക്ക് പോകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. യാത്രക്കിടയില്‍ സിങ് തെറ്റായ ദിശയിലാണ് വാഹനം ഓടിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു തട്ടിക്കയറി.
പിന്നീട് പല വഴിയിലേക്കും വാഹനം ഓടിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍ സിങ്ങിനെ അലിബാബ എന്നുവിളിച്ചാണ് ആക്രമണം നടത്തിയത്. കാറിനകത്തും നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് സിങ് പറഞ്ഞു.
മറ്റൊരു കാര്‍ വിളിച്ചു യാത്രചെയ്യണമെന്ന് പറഞ്ഞതോടെ ഇവര്‍ അക്രമാസക്തരായി. തലപ്പാവ് അഴിച്ചെടുത്ത് യുവാവിനെ മര്‍ദിക്കുകയായിരുന്നു. കാറിന്റെ മീറ്ററും ഇവര്‍ തകര്‍ത്തു. ഇതിനിടെ സിങ് പൊലിസിനെ വിളിക്കുകയും പൊലിസ് എത്തിയതോടെ കാറില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു.
പൊലിസ് എത്തിയില്ലായിരുന്നുവെങ്കില്‍ അവര്‍ തന്നെ കൊല്ലുമായിരുന്നുവെന്ന് സിങ് പറഞ്ഞു. സംഭവത്തില്‍ സിക്ക് കള്‍ച്ചറല്‍ സൊസൈറ്റി ഹര്‍പ്രീത് സിങ് ഉല്‍കണ്ഠ രേഖപ്പെടുത്തി. സിക്ക്, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന വംശീയ ആക്രമണം അമര്‍ച്ച ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."