ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു
എടവണ്ണ: സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. ബസ് യാത്രക്കാരായ എട്ടുപേര്‍ക്ക് പരുക്കേറ്റു. അരീക്കോട് കുനിയില്‍ ഇരുമാം കടവത്ത് മുഹമ്മദിന്റെ മക്കളായ മഹറൂഫ് (30), ജാസ്മോള് (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ എടവണ്ണ ഒതായി റോഡില്‍ മുണ്ടേങ്ങര മാലങ്ങാട് വളവിലാണ് അപകടം. ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ഇവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാത്തല്ലൂരില്നിന്ന് എടവണ്ണയിലേക്ക് വരികയായിരുന്ന കെ.എം.എച്ച് സണ്‍സ് എന്ന സ്വകാര്യ ബസും എടവണ്ണയില്‍നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ചെമ്പക്കുത്തിലെ ആലങ്ങാട് മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടിയുടെ ഭാര്യയാണ് മരിച്ച ജാസ്മോള്. ടൂറിസ്റ്റ് ബസ് ജീവനക്കാരനാണ് മഹറൂഫ്. സ്കൂള്‍ അടച്ചതോടെ ജാസ്മോളും കുട്ടികളും ശനിയാഴ്ച റിയാദില്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പുറപ്പെടാനായി ചെമ്പക്കുത്തെ വീട്ടില്‍നിന്നു സഹോദരന് മഹറൂഫിന്റെ കൂടെ കുനിയിലെ സ്വന്തം വീട്ടിലേക്ക് ജീപ്പില്‍ പുറപ്പെട്ടതായിരുന്നു. മക്കളായ ഫാത്തിമ ഷെറിന് (20), റിസ്വാന (17) കൂടാതെ ബസ് യാത്രക്കാരായ ജയശ്രീ, ഫസ്ന (25), റീന, ജിഷ, കാളി (40), നുസ്റത്ത് എന്നിവര്‍ എടവണ്ണ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ചികില്‍സ തേടി. ഇരുവരുടെയും മൃതദേഹങ്ങള്‍ കുനിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം മഹറൂഫിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കുനിയില്‍ ഇരുപ്പാംകുളം ജുമാമസ്ജിദില്‍ ഖബറടക്കി. ജാസ്മോളുടെ മൃതദേഹം വൈകിട്ട് എട്ടോടെ എടവണ്ണ ചെമ്പക്കുത്തിലും എത്തിച്ചു. റിയാദിലുള്ള ഭര്‍ത്താവ് കുഞ്ഞുട്ടി ഇന്ന് എത്തുന്നതോടെ രാവിലെ ചെമ്പക്കുത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജാസ്മോളുടെ മകന് ആദിഷ് (12) ജീപ്പിലെ സ്ഥലപരിമിതിമൂലം വാഹനത്തില്‍ കയറാത്തതിനാല്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. പരേതയായ നഫീസയാണ് ഇവരുടെ മാതാവ്. മഹറൂഫിന്റെ ഭാര്യയാണ് റസീന (കരുളായി). സഹോദരന്: സഫര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."