മണ്ണിട്ട് കുളമാക്കിയ സ്‌കൂള്‍ ഗ്രൗണ്ട് നന്നാക്കാന്‍ നടപടിയില്ല
മാനന്തവാടി: സ്വകാര്യ വ്യക്തികള്‍ മണ്ണ് നിക്ഷേിച്ചതിനെ തുടര്‍ന്ന് കുളമായ വെള്ളമുണ്ട ഗവ: ഹൈസ്‌കൂള്‍ ഗ്രൗണ്ട് നന്നാക്കാന്‍ നടപടിയില്ല. മണ്ണിട്ടതിനെ തുടര്‍ന്ന് നിലവില്‍ ഗ്രൗണ്ട് ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
വിസ്തീര്‍ണ്ണം കൊണ്ടും ഗുണമേന്‍മ കൊണ്ടും ജില്ലയിലെ തന്നെ പ്രധാന ഗ്രൗണ്ടുകളിലൊന്നായിരുന്നു വെള്ളമുണ്ടയിലേത്. ഉപജില്ല, ജില്ലാ കായിക മേളകളും സംസ്ഥാന അഖിലേന്ത്യ ടൂര്‍ണമെന്റുകളും ഈ മൈതാനത്ത് നടന്നിട്ടുണ്ട്. ഈ ഗ്രൗണ്ടില്‍ കളിച്ച് വളര്‍ന്ന ഒട്ടേറെ കായിക താരങ്ങള്‍ ദേശീയ തലത്തില്‍വരെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒട്ടേറെ പ്രാധാന്യമുള്ള ഗ്രൗണ്ടാണ് ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍ കാരണം നശിക്കുന്നത്.
സ്‌കൂള്‍ അധികൃതരുടെ പിന്തുണയോടെയാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിന്നും നീക്കം ചെയ്ത മണ്ണ് യാതൊരു ആസൂത്രണവുമില്ലാതെ കഴിഞ്ഞ വര്‍ഷം ഗ്രൗണ്ടില്‍ നിക്ഷേപിച്ചത്. പാര്‍ശ്വഭിത്തികളോ ഡ്രൈയിനേജുകളോ നിര്‍മിക്കാതെ രണ്ട് മീറ്ററിലധികം ഉയരത്തില്‍ മണ്ണിട്ടതിലൂടെ ഗ്രൗണ്ടിന്റെ വിസ്തീര്‍ണ്ണം കുറയുകയും കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മണ്ണ് കുത്തിയൊലിച്ച് പോവുകയും ചെയ്തു.
സമീപത്തുള്ള പാടശേഖരങ്ങളിലും മണ്ണ് മൂടി കൃഷി നാശം സംഭവിക്കുകയും മണ്ണൊഴുകി റോഡ് ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു.
ഗ്രൗണ്ടില്‍ മണ്ണിട്ടത് തങ്ങളുടെ അറിവോടെയല്ല എന്ന വിശ്വാസയോഗ്യമല്ലാത്ത ന്യായീകരണമാണ് അന്ന് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. വിജിലന്‍സിലുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും അന്വേഷണവും എങ്ങുമെത്തിയില്ല.
പിന്നീട് ചില യുവജന സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പിന്നീട് അവരും പിന്‍വലിയുകയായിരുന്നു. ഇതിനിടയില്‍ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും വിഷയത്തില്‍ ഇടപെട്ടെങ്കിലും ഗ്രൗണ്ട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടിയുണ്ടായില്ല.
നിലവില്‍ ഗ്രൗണ്ടിന്റെ പകുതിയോടടുത്തവരുന്ന ഭാഗം കുഴികളാണ്. ഇവ നികത്തുന്നതിന് സ്വകാര്യ വ്യക്തികള്‍ സന്നദ്ധത അറിയിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ വിമ്മതിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
മഴക്കാലത്തിന് മുമ്പായി ഗ്രൗണ്ട് നന്നാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷവും ഗ്രൗണ്ടിന്റെ പ്രയോജനം കായികതാരങ്ങളള്‍ക്ക് ലഭ്യമാവില്ല. കൂടാതെ ഗ്രൗണ്ട് പൂര്‍ണമായി നശിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."