HOME
DETAILS
MAL
15,000 പേര്‍ക്കുകൂടി യാത്രാ സൗകര്യമൊരുക്കും: കെ.എം.സി.സി
backup
June 18 2020 | 04:06 AM
ഫുജൈറ: കൊവിഡ് പ്രതിസന്ധിയില്‍ യു.എ.ഇയില്‍നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പതിനയ്യായിരം പേര്‍ക്കുകൂടി യാത്രാസൗകര്യം ഒരുക്കുമെന്ന് യു.എ.ഇ കെ.എം.സി.സി. രണ്ടാംഘട്ടത്തില്‍ യു.എ.ഇയിലെ എട്ടു കീഴ്ഘടകങ്ങളുമായി സഹകരിച്ചാണ് നാഷനല്‍ കമ്മിറ്റി എഴുപത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് അന്‍പതും കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് പത്തു വീതവുമാണു സര്‍വിസുകള്‍. ഫ്ളൈ ദുബൈ, എയര്‍അറേബ്യ, സ്പേസ് ജെറ്റ്, ഗൊ എയര്‍ വിമാനങ്ങള്‍ ദുബൈ, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ നിന്നാണു പുറപ്പെടുക. ആദ്യഘട്ടത്തില്‍ പുറപ്പെട്ട 16 വിമാനങ്ങളിലായി മുവ്വായിരത്തോളം പേര് നാടണഞ്ഞു. 20 ശതമാനം സീറ്റുകള്‍ നിര്‍ധനര്‍ക്ക് സംവരണം ചെയ്താണ് കെ.എം.സി.സി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കു മുന്‍ഗണനയും നല്‍കുന്നുണ്ട്.
അതേസമയം, വന്ദേഭാരത് മിഷന് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ അപേക്ഷ സമര്‍പ്പിച്ചു. കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്ന ദൗത്യം ജൂലൈ മാസത്തിലും തുടരാനാണ് തീരുമാനം. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ നൂറു വിമാന സര്വിസുകളാണു ലക്ഷ്യമിടുന്നത്. കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ നടത്തിയ കണക്കെടുപ്പില്‍ 35,000 പേരാണ് അടിയന്തരമായി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നതായി രേഖപ്പെടുത്തിയതെന്നും ലോകത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു ദൗത്യം സാമൂഹിക കൂട്ടായ്മ നിര്‍വഹിക്കുന്നതെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."