പനകള്‍ മറയുന്നു: പനം കരുപ്പട്ടി വിസ്മൃതിയിലേയ്ക്ക്
കാട്ടാക്കട: കേരളത്തിലെ ഏറ്റവും വലിയ കരുപ്പട്ടി കേന്ദ്രമെന്ന് കേള്‍വികൊണ്ട തെക്കന്‍ കേരളത്തിലെ കരുപ്പട്ടി നിര്‍മാണ കേന്ദ്രങ്ങള്‍ അതിന്റെ നാശത്തിന്റെ വക്കിലായതോടെ ഒരു സംസ്‌ക്കാരം കൂടെ പടിയിറങ്ങുകയാണ്. ജില്ലയിലെ തെക്കന്‍ മേഖലയുടെ സര്‍വാധിപതിയായിരുന്നു പനകള്‍. ഈ പനകളായിരുന്നു ഇവിടുത്തെ സാമ്പത്തിക രംഗം പോലും നിശ്ചയിച്ചിരുന്നത്.
പനകള്‍ കണക്കാക്കി കരം ഈടാക്കിയിരുന്ന കാലം പോലും പഞ്ചായത്തുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പനകള്‍ ഇല്ലാതെയായി. അതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കരുപ്പട്ടി കിട്ടാത്ത നിലയിലായി. എന്നാല്‍ വഴിയോരങ്ങളിലും പുറത്തും കിട്ടുന്ന കരുപ്പട്ടി വ്യാജനാണ്. പനയിലെ നൊങ്കില്‍ നിന്നും ലഭിക്കുന്ന അക്കാനി വലിയ പാത്രങ്ങളില്‍ അടുപ്പില്‍ വച്ച് തീകൂട്ടിയാണ് കരുപ്പട്ടിനിര്‍മാണം.
വീടിന്റെ പരിസരങ്ങളിലെ മരങ്ങളില്‍നിന്ന് പൊഴിയുന്ന ഉണങ്ങിയ ഇലകളാണ് പ്രധാനമായും വിറകായി ഉപയോഗിച്ചിരുന്നത്. ഒരുമണിക്കൂറോളം നീളുന്ന കരുപ്പട്ടി നിര്‍മാണത്തില്‍ വിറക് പണ്ടുകാലത്ത് പ്രശ്‌നമല്ലായിരുന്നു. അക്കാനി തിളച്ചുകുറുകുന്ന ദ്രാവകത്തെ പയനി എന്നാണ് വിളിച്ചിരുന്നത്. ചൂട് പയനിയും ഏറെ ഔഷധഗുണമുള്ള ദ്രാവകമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ രൂപംകൊണ്ട പയനിയെ കൂടുതല്‍ കുറുക്കി കട്ടിയുള്ള ദ്രാവകമാക്കി മാറ്റും. തുടര്‍ന്ന് ഇതിനെ ചിരട്ടകളിലേക്ക് പകര്‍ന്ന് തണുപ്പിച്ചെടുക്കുന്നതാണ് പ്രസിദ്ധമായ കരുപ്പട്ടി.
ഈ കരുപ്പട്ടിക്കുപുറമേ പയനിയില്‍ ചുക്കു ചേര്‍ത്ത് ചുക്ക് കരുപ്പട്ടിയും പനം കര്‍ക്കണ്ടവും പനം പഞ്ചസാരയും വരെ ഈ പ്രദേശങ്ങളില്‍ ഉല്‍പാദിപ്പിച്ചിരുന്നു. എന്നാല്‍ പനകള്‍ വ്യാപകമായി വെട്ടിയതോടെ അക്കാനിയുടെ ലഭ്യത കുറഞ്ഞത് ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കി.നിര്‍മാണ മേഖല പൂര്‍ണമായും നിശ്ചലമായി. അപൂര്‍വമായി ചില വീടുകളില്‍ നിര്‍മിക്കുന്നുവെങ്കിലും ഇവയ്ക്ക് വില കൂടുതലാണ്. പനകള്‍ വെട്ടിമാറ്റിയതും പനകയറ്റത്തൊഴിലാളികളില്ലാത്തതും കരുപ്പട്ടി നിര്‍മാണം പ്രതിസന്ധിയിലാക്കി. ഈ സന്ദര്‍ഭത്തിലാണ് കേരളത്തിലെ വിപണിയില്‍ ലഭിക്കുന്ന കരുപ്പട്ടികളിലധികവും വ്യാജനായി മാറുന്നത്.
തമിഴ്‌നാട്ടിലെ കേരളത്തിലേക്കുള്ള റോഡരികില്‍ കരുപ്പട്ടിക്കച്ചവടം നടത്തുന്നവര്‍ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ളവരാണ്. കരിമ്പിന്‍ നീരും ഉമിയും നിറവും ചേര്‍ത്താണ് വ്യാജ കരുപ്പട്ടിയുണ്ടാക്കുന്നത്.
കരുപ്പട്ടിയുടെ രുചി ലഭിക്കുന്നതിനായി എസന്‍സും ഉപയോഗിക്കുന്നുണ്ട്. വിലക്കുറവാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരുകിലോ വ്യാജ കരുപ്പട്ടിക്ക് 160 രൂപയാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്. വിലപേശിയാല്‍ ഇത് 120 രൂപയ്ക്കുവരെ ഇവര്‍ നല്‍കും. എന്നാല്‍ ഒര്‍ജിനല്‍ കരുപ്പട്ടി കരുപ്പട്ടി 350 രൂപയ്ക്ക് വില്‍ക്കും. കരുപ്പട്ടി വില്‍പനക്കെതിരേ ഭക്ഷ്യസുരക്ഷാവിഭാഗമോ ആരോഗ്യവകുപ്പ് അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഇവര്‍ക്ക് തുണയാകുന്നു.
കരിമ്പിന്‍നീരില്‍നിന്ന് ഉല്‍പാദിപ്പിച്ചാല്‍ ഒരു കിലോയ്ക്ക് 70 രൂപയില്‍ താഴെ മാത്രമേ ചെലവ് വരികയുള്ളൂ. കരുപ്പട്ടിയുടെ നിര്‍മാണകാലം അക്കാനി ലഭിക്കുന്ന ആറുമാസം മാത്രമാണ്. എന്നാല്‍ വ്യാജ കരുപ്പട്ടി എല്ലാ ദിവസവും വിപണിയില്‍ ലഭിക്കുകയും ചെയ്യും. വീടുകളില്‍ നിര്‍മിക്കുന്ന കരുപ്പട്ടി വാങ്ങാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഇടനിലക്കാര്‍ എത്തിയിരുന്ന ഒരുകാലം ഇവിടെയുണ്ടായിരുന്നു.
ഏറെ ഔഷധഗുണമുള്ള ഈ കരുപ്പട്ടിയാണ് പല പ്രശസ്ത ആയുര്‍വേദ ഔഷധ നിര്‍മാതാക്കളും വൈദ്യന്‍മാരും ഉപയോഗിച്ചിരുന്നത്. പനയില്‍ നിന്നും വിഭവങ്ങള്‍ ഉണ്ടാക്കാനും കരുപ്പട്ടി നിര്‍മാണത്തിനും പനകയറ്റ തൊഴിലാളികള്‍ക്കം വേണ്ടി 1985 ല്‍ സ്ഥാപിച്ച കെല്‍പ്പാം എന്ന സര്‍ക്കാര്‍ കമ്പനി പ്രവര്‍ത്തനം നിലച്ചമട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."