പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 330 കോടി രൂപ നല്‍കും: മന്ത്രി
കൊല്ലം: പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇക്കൊല്ലം സംസ്ഥാന സര്‍ക്കാര്‍ 330 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ എല്‍.ഇ.ഡി തെരുവ് വിളക്ക് നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലേക്ക് കുതിക്കുകയാണെന്ന് നവീകരിച്ച വാട്ടര്‍ മീറ്റര്‍ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ ഉദ്ഘാടനം വനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. സാങ്കേതിക വിദ്യയിലെയും അഭിരുചിയിലെയും മാറ്റം ഉള്‍ക്കൊണ്ടുള്ള ഗവേഷണത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പുനലൂരിലെ പ്ലൈവുഡ് ഫാക്ടറിയുടെ പുനരുദ്ധാരണ സാധ്യത പരിശോധിക്കാന്‍ വ്യവസായ മന്ത്രി അടുത്ത മാസം ഇവിടം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി.
എന്‍.കെ പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം. നൗഷാദ്, കമ്പനി ചെയര്മാന് എം.എച്ച് ഷാരിയര്‍, മാനേജിങ് ഡയറക്ടര്‍ എസ്.ആര് വിനയകുമാര്‍, തൊഴിലാളി സംഘടനാ നേതാക്കളായ എന്‍. അനിരുദ്ധന്, എ. ഷാനവാസ്ഖാന്, പത്മനാഭന്, മുന്‍ മന്ത്രി ബാബു ദിവാകരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."