പ്രവാസികളോട് മാത്രം എന്തിനീ വിവേചനം?; സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതമെന്നും ചെന്നിത്തല
തിരുവനന്തപുരം: പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രവാസികളെ സഹായിക്കാന്‍ ഒന്നും ചെയ്തില്ല. അവരെ സഹായിക്കാനായി മുന്നോട്ടു വന്നത് സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു വഞ്ചിക്കുകയാണ്. പ്രവാസികളുടെ തിരിച്ചുവരവ് എങ്ങനെ മുടക്കാം എന്നു ഗവേഷണം ചെയ്യുകയാണ് സര്‍ക്കാര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കേരളത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂ എന്ന നിലപാട് തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രവാസികളോട് മാത്രം എന്തിനാണീ വിവേചനം. ഗള്‍ഫിലുള്ളവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്. രണ്ടരലക്ഷം പേര്‍ക്ക് സൗകര്യമൊരുക്കി എന്ന് പറയുന്നത് ബഡായിയാണ്. കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്ക് ടെസ്റ്റ് നടത്താന്‍ പ്രായോഗിക പ്രയാസങ്ങളുണ്ട്. പല ഗള്‍ഫ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റ് അനുവദിക്കുന്നുമില്ല. സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും പ്രവാസികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ ആദ്യം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. നാമമാത്രമായ വിമാനങ്ങളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."