കീടനാശിനി പ്രയോഗം: തേയില തോട്ടങ്ങളില്‍ പരിശോധന നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
കൊച്ചി: കീടനാശിനികളുടെ ക്രമാതീതമായ ഉപയോഗം തടയുന്നതിനായി തേയില തോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
വിപണിയിലെത്തുന്ന തേയിലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ വിപണിയില്‍ പരിശോധന നടത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി തേയില തോട്ടങ്ങളില്‍ കീടനാശിനി പ്രയോഗം നടക്കുകയാണെന്ന് ആരോപിച്ച് എളമക്കര സ്വദേശി മനു സി. മാത്യു നല്‍കിയ പരാതിയിലാണ് നടപടി. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, ടീ ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉത്തരവ്. സി.ടി.സി എന്ന പ്രക്രിയയിലൂടെയാണ് തേയില ഭക്ഷ്യയോഗ്യമാക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത ചൂട് കടത്തിവിട്ട് തേയിലയെ ഭക്ഷ്യയോഗ്യമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇത്. ഊഷ്മാവിന്റെ തോത് വര്‍ധിക്കുന്നതിനാല്‍ കീടനാശിനികള്‍ നശിക്കും. അതുകൊണ്ട് ഉപയോഗിക്കുന്ന തേയിലയില്‍ കീടനാശിനി കണ്ടെത്താന്‍ കഴിയുകയില്ല. 206 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണത്തില്‍ പോലും കീടനാശിനി സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം 35 സാമ്പിളുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തേയില തോട്ടങ്ങളില്‍ കൃത്യമായ പരിശോധന നടത്താറുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തേയില തോട്ടങ്ങളിലെ കീടനാശിനി പ്രയോഗം തടയുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി ടീ ബോര്‍ഡ് ഓഫ് ഇന്ത്യ കമ്മിഷനെ അറിയിച്ചു. കീടനാശിനികളുടെ ഉപയോഗം തടയുകയാണ് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ടീ ബോര്‍ഡും ടീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കീടനാശിനി പ്രയോഗം തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തില്‍ വില്‍ക്കപ്പെടുന്ന ഗുണനിലവാരമില്ലാത്ത തേയിലകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. 2017 ല്‍ കൊച്ചിയില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ തേയില പിടികൂടിയിട്ടുണ്ട്. തേയില ഭക്ഷ്യയോഗ്യമാക്കുന്നതിന് ഉപയോഗിക്കുന്ന കടുത്ത ഊഷ്മാവ് കീടനാശിനികളെ നശിപ്പിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."