സ്വന്തമായി ഭൂമിയുണ്ടെങ്കിലും തീക്കോയി ടെക്‌നിക്കല്‍ സ്‌കൂള്‍ വാടകകെട്ടിടത്തില്‍
ഈരാറ്റുപേട്ട: സ്വന്തമായി ഭൂമിയുണ്ടെങ്കിലും ഒരു കെട്ടിടമില്ലാതെ വീര്‍പ്പുമുട്ടുകയാണ് തീക്കോയി ടെക്‌നിക്കല്‍ സ്‌കൂള്‍. 32 വര്‍ഷമായി സ്‌കൂള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആറുകോടി രൂപ മുതല്‍ മുടക്കില്‍ കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയുണ്ടെങ്കിലും സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം ഇന്നും അന്യം. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് ഇപ്പോള്‍ സ്വന്തമായി രണ്ട് ഏക്കര്‍ സ്ഥലം ഈരാറ്റുപേട്ട നഗരസഭയിലെ പത്താഴപ്പടിയില്‍ ഉണ്ട്. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അധികൃതരുട അവഗണന.
ഭരണാനുമതിയുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് ഇതുവരെയും ടെന്‍ഡര്‍ ചെയ്യുവാന്‍ തയാറായിട്ടില്ല. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് ചിറ്റമ്മനയമാണ് സ്‌കുളിനോട് സ്വീകരിക്കുന്നതെന്ന് പി.റ്റി.എ ഭാരവാഹികള്‍ പറഞ്ഞു. ഈരാറ്റുപേട്ടയിലേക്ക് ഈ സ്ഥാപനം വരുന്നതോടുകൂടി ഇതിന്റെ നിയന്ത്രണം നഗരസഭക്കായിരിക്കും.
കെട്ടിട സൗകര്യം ഇല്ലാത്തതു കാരണം നൂറ്റമ്പതു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇരുപത്തിയഞ്ച്്് അധ്യാപകരും അസൗകര്യത്താല്‍ വീര്‍പ്പു മുട്ടുകയാണ്. മുന്നൂറു കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതിയുള്ള സ്‌കൂളിലാണ് നൂറ്റമ്പതു കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നത്. ഉപകരണങ്ങളും ലാബ് സൗകര്യങ്ങളും വര്‍ക്ക് ഷോപ്പ് ടൂളുകള്‍ എന്നിവയെല്ലാം ആവശ്യത്തിനുണ്ട്.
ദ്രവിച്ച് നിലം പൊത്താറായ കെട്ടിടത്തിലാണ് വര്‍ക്കു ഷോപ്പും മറ്റ് പ്രക്ടിക്കല്‍ ക്ലാസുകളും നടക്കുന്നത്. നൂറു മീറ്റര്‍ മാറി പുതിയ ഷെഡ്ഡിലാണ് പ്രാക്ടിക്കല്‍ നടക്കുന്നത്.
തിയറി കഴിഞ്ഞ് അടുത്ത കെട്ടിടത്തിലോക്ക് പോവണം പ്രാക്ടിക്കല്‍ ക്ലാസിനു പങ്കെടുക്കാന്‍. സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണെങ്കിലും 13 വര്‍ഷമായി ഈ സ്‌കൂളിന് നൂറുമെനി വിജയമാണ്. മൂന്നു വര്‍ഷമായി സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയമായാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, പുതിയ കെട്ടിടം ഉണ്ടാക്കുന്നതോടെ പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് ടെക്‌നികല്‍ സ്‌കൂളില്‍ അധിക പ്രവേശനം ലഭിക്കും.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പി.ടി.എ.യുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."