സ്‌കൂളുകളില്‍ ശുചീകരണം പാളി
ഒലവക്കോട്: ജില്ലയില്‍ മഴക്കാലമായതോടെ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമായിട്ടും ആരോഗ്യവകുപ്പും സ്‌കൂള്‍ അധികൃതരും നിയന്ത്രണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. ജില്ലയിലെ സ്‌കൂളുകളില്‍ 50ശതമാനം വിദ്യാര്‍ഥികള്‍ക്കും പനിജന്യ രോഗങ്ങള്‍ പിടിപെട്ടുവെന്നും സ്‌കൂളുകളിലെ 15ശതമാനം വിദ്യാര്‍ഥികളും ഡെങ്കിപ്പനി രോഗത്തിന് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും അധികൃതര്‍ ഉദാസീനത തുടരുകയാണ്. സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സ്‌കൂള്‍ അധികൃതര്‍ പിന്നോക്കം പോകുന്നതായി പരാതി. ജില്ലയിലെ ഭൂരിപക്ഷം സ്‌കൂളുകളിലും കൊതുകുശല്യത്തില്‍നിന്ന് മോചനം നേടുന്നതിന് ക്ലാസ് റൂമുകളില്‍ കൊതുകു നശീകരണ യന്ത്രംപോലും സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി.
കേവലം ഒരു ക്ലാസില്‍ 50 രൂപയുടെ ഗുഡ്‌നൈറ്റ് ലിക്വിഡ് സ്ഥാപിച്ചാല്‍ കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് രണ്ട് ക്ലാസ് റൂമുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൊതുകുശല്യത്തില്‍ നിന്ന് രക്ഷനേടാമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതിന് ഫണ്ട് ഉണ്ടായിട്ടും പലരും ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വന്‍തുക കുട്ടികളില്‍നിന്നും ഫീസ് വാങ്ങിയിട്ടും വിദ്യാര്‍ഥികള്‍ക്ക് കൊതുകുശല്യത്തില്‍ നിന്നും മോചനം നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നില്ലെന്നും പരാതിപ്പെട്ടു.
ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിന് ആര്‍.എം.ഒ ഡോക്ടര്‍ കെ.പി റീത്തയും വിദ്യാഭ്യാസ ഉപ ഡയരക്ടറും നിരവധി ക്ലാസുകള്‍ നടത്തിയിട്ടും ഏതാനും സ്‌കൂള്‍ അധികൃതര്‍ ഇതുമായി സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
രണ്ടുമാസമായി അടച്ചിട്ടിരുന്ന മിക്ക സ്‌കൂളുകളിലും കാര്യമായ ശുചീകരണം നടത്താതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്.
പനിയുമായി സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ഥികളെ മടക്കി അയക്കുന്നതിനും പരിശോധനകള്‍ക്കും അവസരം നല്‍കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സേഫ് പാലക്കാട് പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ശുചിത്വത്തില്‍ വീഴ്ച വരുത്തിയ 83 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി. സ്വകാര്യ, സര്‍ക്കാര്‍, എയ്ഡഡ് ഉള്‍പ്പെടെ 507 സ്‌കൂളുകളിലാണ് പരിശോധന നടത്തിയത്. 33 സ്‌കൂളുകള്‍ വേണ്ടത്ര പരിശോധനയില്ലാതെയാണ് കുടിവെള്ളം നല്‍കുന്നതെന്നും കണ്ടെത്തി. കിണര്‍ വെള്ളം ഇടയ്ക്കിടെ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 25 സ്‌കൂളുകളും നോട്ടീസ് നല്‍കിയവയില്‍ ഉള്‍പ്പെടുന്നു.
ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്ഥാപനങ്ങളില്‍ 88 ടീമുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒന്‍പതു സ്‌കൂളുകളില്‍ ശുചിമുറി സംവിധാനം തീര്‍ത്തും വൃത്തിഹീനമാണ്.
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ 214ഉം എയ്ഡഡ് മേഖലയില്‍ 161 സ്‌കൂളുകളിലും ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. 52 ഇടങ്ങളില്‍ പരിസര ശുചിത്വം കുറവാണ്. പതിനാലിടത്ത് കൊതുകിന് വളരാന്‍ പറ്റിയ സാഹചര്യമാണെന്നും ബോധ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."