HOME
DETAILS

ചോക്ലേറ്റിന്റെ നാട്ടില്‍

  
backup
July 08 2018 | 04:07 AM

sunday-main-199

ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബെല്‍ജിയം യോഗ്യത നേടിയ സന്തോഷത്തിലാണ് ഞാനിപ്പോള്‍. ഫുട്‌ബോള്‍ മാത്രമല്ല ഈ പശ്ചിമ യൂറോപ്യന്‍ രാജ്യത്തെ ലോകപ്രശസ്തമാക്കുന്നത്. ഏറ്റവും രുചിയേറിയതും മുന്തിയതുമായ വിവിധയിനം ചോക്ലേറ്റുകള്‍ അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ബെല്‍ജിയം.


പതിനേഴാം നൂറ്റാണ്ടില്‍ സ്പാനിഷുകാരാണ് ബെല്‍ജിയത്തിലേക്ക് ചോക്ലേറ്റ് എത്തിച്ചത്. അമിതമായ അളവില്‍ പാല്‍ ചേര്‍ത്ത സ്വിസ് രീതിയില്‍നിന്നുമാറി, ഡാര്‍ക് കൊക്കോ കൂടുതല്‍ ചേര്‍ത്ത ഇവിടുത്തെ ചോക്ലേറ്റ് അതിവേഗം ലോകശ്രദ്ധ പിടിച്ചുപറ്റി. കുടില്‍ വ്യവസായങ്ങളടക്കം ഈ ചോക്ലേറ്റ് നിര്‍മാണത്തെ ഏറ്റെടുത്തപ്പോള്‍ അത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെത്തന്നെ അതിവേഗം സ്വാധീനിച്ചു. സ്വദേശ ഉപഭോഗത്തോടൊപ്പം കയറ്റുമതി കൂടിയായപ്പോള്‍ പിന്നെ ഈ ചോക്ലേറ്റുകള്‍ രുചിയുടെ പുതിയ പര്യായമായി മാറി. ഉല്‍പന്നങ്ങളില്‍ മായം ചേര്‍ക്കാതിരിക്കാന്‍ നിയമം നിര്‍മിക്കുകയും, അതു ലംഘിക്കുന്നവരെ അതികഠിനമായി ശിക്ഷിക്കുകയും ചെയ്തിട്ടാണ് ഈ മേഖലയുടെ പരിശുദ്ധിയെ സര്‍ക്കാര്‍ പരിപാലിക്കുന്നത്. ബെല്‍ജിയം നിര്‍മിത 'ഷാര്‍ലമെയിന്‍ ചോക്ലേറ്റ് ' എന്നു കേട്ടാല്‍ ലോകത്തെ ഏത് ചോക്ലേറ്റ് പ്രേമികളുടെ വായിലും വെള്ളമൂറും.


ബെല്‍ജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസല്‍സിലെത്തുമ്പോള്‍ രാത്രി ഒന്‍പതു മണിയായിരുന്നു. പക്ഷെ, സൂര്യന്‍ അസ്തമിച്ചിട്ടില്ലായിരുന്നു അവിടെ. അതുകാരണം ഇരുട്ട് വീണിട്ടുമുണ്ടായിരുന്നില്ല. യൂറോപ്പിന്റെ വസന്തകാലം അങ്ങിനെയാണ് -നീണ്ട പകലും ആറു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള രാത്രിയും.
ഇക്കഴിഞ്ഞ മാസം നടത്തിയ രണ്ടാഴ്ച നീണ്ട യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെടുമ്പോഴേ ബെല്‍ജിയവും അതില്‍ ഉള്‍പ്പെടുത്താന്‍ നിരവധി കാരണങ്ങളുണ്ട്: കാസിനോകളും ചൂതാട്ടകേന്ദ്രങ്ങളും മദ്യശാലകളും ഫുട്‌ബോളും പ്രശസ്തമാക്കിയ ഈ രാജ്യത്തെ കൊതിയൂറുന്ന ചോക്ലേറ്റുകള്‍ തന്നെയായിരുന്നു അവയില്‍ പ്രധാനം. രാവിലെ പത്തു മണിക്കാണ് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്ന് ബസ് മാര്‍ഗം ബ്രസല്‍സിലേക്കു പുറപ്പെട്ടത്. ചാര്‍ലെ ദേ കോസ്‌തേയുടെ രചനകളിലൂടെയാണ് ബെല്‍ജിയത്തിന്റെ തെരുവുകളും ജീവിതവൈവിധ്യങ്ങളും ആദ്യം പരിചയപ്പെടുന്നത്. ഇന്നും പഴമ നഷ്ടപ്പെടാതെ ആ വശ്യസൗന്ദര്യത്തെ ഈ യൂറോപ്യന്‍ രാഷ്ട്രം നിലനിര്‍ത്തുന്നുണ്ട്. ആഘോഷങ്ങളുടെ പകലിരവുകളാണ് ഈ കൊച്ചുരാജ്യത്തിന്റെ ജാതിയും മതവും. ഇവിടെ ജീവിക്കുന്നവരില്‍ നാല്‍പതു ശതമാനത്തോളം പേരും ദൈവവിശ്വാസികളല്ല. കുടിയും തീറ്റയും പരസ്യ രതിരീതികളും കൊണ്ട് ബ്രസല്‍സിലെ തെരുവുകള്‍ ഒരിക്കലും ഉറങ്ങാതെ കാലത്തെ നോക്കി ഊറിച്ചിരിക്കുന്നു.
ടിക്കറ്റ് ആദ്യമേ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതുകൊണ്ട് അതിന്റെ വേവലാതി ഉണ്ടായിരുന്നില്ല. യൂറോപ്പിന്റെ വസന്തകാലം അന്തരീക്ഷ ഊഷ്മാവിനെ 13 ഡിഗ്രിയില്‍ നിറുത്തിയിരിക്കുകയാണ്. സാമാന്യം ഭേദപ്പെട്ട തണുപ്പ്. സ്വെറ്ററുമിട്ട് ബസ് സ്റ്റേഷനിലെത്തിയപ്പോള്‍ സമയം ഒന്‍പതര ആകുന്നതേയുള്ളൂ. 'ഫ്‌ളിക്‌സ്ബസ് ' എന്ന സ്വകാര്യ കമ്പനിക്കാണ് യൂറോപ്പ് മുഴുവനുമായുള്ള ദീര്‍ഘദൂരയാത്രയുടെ കുത്തക. 'യൂറോ കാര്‍' അടക്കം വേറെ ചില കമ്പനികളുണ്ടെങ്കിലും, മറ്റുള്ളവയെ അപേക്ഷിച്ച് ടിക്കറ്റ് ചാര്‍ജിലുള്ള വിലക്കുറവും ആഡംബര സൗകര്യങ്ങളുമുള്ളതിനാല്‍ ഫ്‌ളിക്‌സ്ബസിനു തന്നെയാണ് ഡിമാന്‍ഡ്.
ബാര്‍സി ബസ് സ്റ്റേഷനില്‍നിന്നു പുറപ്പെട്ട ബസില്‍ വലിയ തിരക്കൊന്നുമില്ല. ഓരോ പ്രധാന സ്റ്റേഷനിലും എത്തുമ്പോള്‍ അഞ്ച് മിനിട്ടോളം മാത്രം അനുവദിക്കപ്പെടുന്ന സ്റ്റോപ്പ് മാത്രമാണുള്ളത്. അതാവട്ടെ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞാലേ എത്തുകയുമുള്ളൂ. ടൗണ്‍ കഴിഞ്ഞാല്‍ പിന്നെ ഇരു വശങ്ങളിലും പച്ചനിറഞ്ഞ പാടശേഖരങ്ങളും അവക്കിടയില്‍ ഭീമാകാരം പൂണ്ട് ഉയര്‍ന്നുനില്‍ക്കുന്ന കാറ്റാടി യന്ത്രങ്ങളും മാത്രമേ കാണാനുള്ളൂ. ഇടക്കിടെ ചില ചെറിയ പട്ടണങ്ങള്‍ പ്രത്യക്ഷപ്പെടും. ഒരു ക്രിസ്ത്യന്‍ പള്ളിയും അതിനുചുറ്റും പഴയ ഗോഥിക് മാതൃകയിലുള്ള കുറച്ചു വീടുകളും കെട്ടിടങ്ങളും നിമിഷ നേരങ്ങള്‍ക്കിടയില്‍ കണ്ണില്‍പ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യും.


ലില്‍ എന്ന പട്ടണവും കടന്ന് ബ്രസല്‍സിലെ റോജര്‍ എന്ന ബസ് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ച ബസില്‍നിന്നു യാത്രാക്ഷീണത്തോടെ ഇറങ്ങിയപ്പോള്‍ മുന്നില്‍ കണ്ടത് ഒരു മെട്രോ സ്റ്റേഷന്‍. നഗരം കാണാനായി താമസത്തിനു നല്ലത് 'ഗാര്‍ ദു മിദി' സെന്ററാണെന്ന് സ്റ്റേഷനിലെ ടൂറിസ്റ്റ് കൗണ്ടറിലുള്ള യുവതി പറഞ്ഞതനുസരിച്ച് രണ്ട് യൂറോയുടെ ടിക്കറ്റുമെടുത്ത് മെട്രോ ട്രെയിനിനായി കാത്തിരുന്നപ്പോള്‍ തൊട്ടുമുന്‍പ് സന്ദര്‍ശിച്ച ജര്‍മനിയിലും ഫ്രാന്‍സിലും ചെക്ക് റിപബ്ലിക്കിലും ഉള്ളതിനെക്കാള്‍ കൂടുതല്‍ തണുപ്പ് ഇവിടെയുണ്ടെന്ന് അനുഭവപ്പെട്ടു.
പൊതുസ്ഥലങ്ങളിലെല്ലാം സൗജന്യ വൈഫൈ സൗകര്യമുള്ളതിനാല്‍ യൂറോപ്പിലെവിടെയും സ്ഥലം കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ബുക്ക് ചെയ്ത ഹോട്ടല്‍ കുറച്ച് ദൂരെയാണെന്ന് ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ കഴിഞ്ഞു. തൊട്ടടുത്തു കണ്ട 'ഹോട്ടല്‍ ഓഷ്യാനിക്കി'ന്റെ റിസപ്ഷനില്‍ കയറി. അറുപത് യൂറോയാണു വാടക. പിറ്റേന്നു കാലത്ത് പതിനൊന്നു മണിവരെയുള്ള താമസവും സൗജന്യ പ്രഭാത ഭക്ഷണവുമാണ് ഒരു ദിവസത്തെ വാടകയിലുള്‍പ്പെടുക. മുറി ഇംഗ്ലീഷ് മാത്രമറിയാവുന്ന ഒരു ഫ്‌ളെമിഷ് മധ്യവയസ്‌കനാണ് റിസപ്ഷനിലുണ്ടായിരുന്നത്. ട്രാവല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും പോക്കറ്റില്‍നിന്നു പുറത്തെടുത്ത് റൂം കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരലര്‍ച്ചയോടെ അയാള്‍ ഫ്രഞ്ചില്‍ ആരെയോ വിളിച്ചു. ഒരു ഇന്ത്യക്കാരന്‍ പിന്നാമ്പുറത്തുനിന്നു പ്രത്യക്ഷപ്പെട്ടു. ബിട്ടു എന്നു പേരുള്ള ഹരിയാനക്കാരന്‍ പയ്യന്‍.


ഹിന്ദിയില്‍ അയാളെ കുറേ തെറിവിളിച്ചുകൊണ്ട് ബിട്ടു മുറി കാണിച്ചുതന്നു. ഇരുപത്തിയഞ്ചു വയസില്‍ താഴെയേ ബിട്ടുവിനു പ്രായമുണ്ടാകൂ എന്ന് ഞാന്‍ ഊഹിച്ചു. സന്ദര്‍ശന വിസയില്‍ വന്ന് ഇവിടെ ജോലിയെടുക്കുകയാണ് അവന്‍. കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും റെസിഡന്‍സ് വിസയോ തൊഴില്‍ വിസയോ കിട്ടിയിട്ടില്ല. റിസപ്ഷനില്‍ കണ്ട 'സാബ് ' ശരിയാക്കിത്തരുമെന്ന പ്രതീക്ഷയിലാണ്. വെറുതെ കുറെ ബഹളമുണ്ടാക്കുമെങ്കിലും ഉള്ളുകൊണ്ട് നന്മയുള്ളയാളാണ് സാബ് എന്നും ഒന്ന് റിക്വസ്റ്റ് ചെയ്താല്‍ വാടകയില്‍ കുറവ് വരുത്തുമെന്നും അവന്‍ പറഞ്ഞതു ശരിയായിരുന്നുവെന്നു ബോധ്യപ്പെടാന്‍ ഏറെനേരം വേണ്ടി വന്നില്ല. ഇന്നിവിടെ കൂടാം എന്നു തീരുമാനിച്ച് പാസ്‌പോര്‍ട്ടിന്റെ കോപ്പിയും നല്‍കി, ബിട്ടു പറഞ്ഞതുപോലെ ഒരു റിക്വസ്റ്റ് നടത്തിയപ്പോള്‍ അയാള്‍ പത്ത് യൂറോ കുറച്ചു തന്നു. അന്‍പത് യൂറോ വാടകയായി സൈ്വപ്പ് ചെയ്തു താക്കോല്‍ വാങ്ങി സന്ദര്‍ശനവും കറക്കവും പിറ്റേന്നു രാവിലെ തുടങ്ങാം എന്നു തീരുമാനിച്ചു. വഴിയില്‍നിന്നു വാങ്ങി വച്ച ചെയ്ത ബര്‍ഗറും കഴിച്ച് ഉറങ്ങാന്‍ കിടന്നു.


പിറ്റേന്നു കാലത്ത് ആദ്യം പുറപ്പെട്ടത് സെന്ത്രോ എന്ന് വിളിക്കുന്ന സിറ്റി സെന്ററിലേക്കാണ്. പാസ്‌പോര്‍ട്ടും ട്രാവലേഴ്‌സ് മണി കാര്‍ഡും ചില്ലറ യൂറോയുടെ കറന്‍സികളും മാത്രമേ കൈവശംവച്ചുള്ളൂ. ബാഗും മറ്റു സാധനങ്ങളും തലേന്നു താമസിച്ച ഹോട്ടലില്‍ തന്നെ വച്ചു. കാലത്ത് പത്തു മണിയായിട്ടും രാത്രിയുടെ ഉറക്കച്ചടവ് മാറാത്ത ഒരു വ്യാപാരഗ്രാമമായിരുന്നു സെന്ത്രോ. റോഡിനിരുവശവുമുള്ള നടപ്പാതകളില്‍ ഉണര്‍ന്നുതുടങ്ങുന്ന ഭക്ഷണശാലകളുടെ പാതിയൊഴിഞ്ഞ കസേരകള്‍. ചിലര്‍ ഒറ്റക്കിരുന്നു മദ്യപിക്കുന്നു. ചെറിയ ചില സംഘങ്ങള്‍ അങ്ങിങ്ങായി പുകവലിച്ചും കുടിച്ചും സൊറ പറഞ്ഞിരിക്കുന്നു. തിടുക്കപ്പെട്ട് കോട്ടും സൂട്ടുമണിഞ്ഞ് സൈക്കിളില്‍ കുതിക്കുന്നവര്‍ ജോലിസ്ഥലങ്ങളിലേക്കെത്താനുള്ള തത്രപ്പാടിലാണെന്നു മനസിലാക്കി. ബോളിവാര്‍ഡ് സ്ട്രീറ്റിലൂടെ അലസമായി നടക്കുമ്പോഴും തണുപ്പൊഴിയാതെ നഗരം ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. 'ബിയറിന് ഒരു യൂറോ' എന്ന ബോര്‍ഡുകളാണു നടപ്പാതയില്‍ മുഴുവനും സഞ്ചാരികളുടെ ആദ്യശ്രദ്ധയില്‍പെടുക.
സാധനങ്ങള്‍ വിലപേശി മാത്രം വാങ്ങാവുന്ന 'ഫ്‌ളീ മാര്‍ക്കറ്റി'ല്‍ ഒരു വൃദ്ധ ആരോടോ തര്‍ക്കിക്കുന്നതുകണ്ടു. ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടണമെങ്കില്‍ വൈകുന്നേരമെങ്കിലുമാകണം. ചോക്ലേറ്റ് ഗാലറിയും ആര്‍മി മ്യൂസിയവും യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റും സന്ദര്‍ശിച്ച്, ഒരു ട്രാമില്‍ കയറി സാബ്ലോണ്‍ ഡിസ്ട്രിക്ടിലേക്കു വിട്ടു. ബ്രസല്‍സിലെ ഏറ്റവും പ്രഗത്ഭമായ, ആരെയും അത്യധികം ആകര്‍ഷിക്കുന്ന, 'കലയുടെ കുന്ന് ' എന്നര്‍ഥം വരുന്ന, 'മോന്‍ ദെ ആര്‍ട്‌സ് ' എന്ന പുരാതനമായ നഗരസമുച്ചയം സാബ്ലോണിലാണുള്ളത്.
മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ 'ചര്‍ച്ച് ഓഫ് ഔവര്‍ ലേഡി സാബ്ലോണ്‍' ഗോഥിക് വാസ്തുശില്‍പത്തിന്റെ ചാരുതയാര്‍ന്ന തിരുശേഷിപ്പാണ്. ഇവിടെയുള്ള 'അവ് ദെ ആര്‍ട്‌സ് ' എന്ന ഹൈവേ റോഡ് കരകൗശല വസ്തുക്കളുടെ പറുദീസയാണ്. ദൂരെനിന്നു രാജകീയ കൊട്ടാരത്തിന്റെ ഗോപുരക്കാഴ്ചകള്‍ കാണാം. യൂറോപ്യന്‍ ക്വാര്‍ടര്‍ എന്നറിയപ്പെടുന്ന, ഒരല്‍പം നടന്നാലെത്തുന്ന ഈ സ്ഥലത്താണ് റോയല്‍ പാലസും യൂറോപ്യന്‍ പാര്‍ലമെന്റും മറ്റു രാജ്യാധികാര സ്തംഭങ്ങളുമുള്ളത്.
ബ്രസല്‍സ്, ബെല്‍ജിയത്തിന്റെ മറ്റു പട്ടണങ്ങളുടെ മാതൃക തന്നെയാണ്. ആന്റ്‌വേര്‍പ്പിലെത്തിയാല്‍ 'ഗ്രോടെ മാര്‍ക്കറ്റ് ' നേരത്തെ കണ്ട സെന്ത്രോമിന്റെ മറ്റൊരു പകര്‍പ്പ്. അവിടെനിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്താല്‍ ബ്രൂഹാസ് നഗരമായി. അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം മാര്‍ക്കറ്റ് സ്‌ക്വയര്‍ എന്ന പേരില്‍ മറ്റൊരു സെന്ത്രോം. ഘെന്റിലെത്തിയാല്‍ സെയ്ന്റ് ബാഫ് കതീഡ്രല്‍ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. 'ചതുപ്പിലെ വീട് ' എന്നാണ് ബ്രസല്‍സ് എന്ന പദത്തിന്റെ അര്‍ഥം. പുരാതന ശിലായുഗ മനുഷ്യര്‍ അധിവസിച്ച ദേശം കൂടിയാണിത് എന്നാണു ചരിത്രഗവേഷകര്‍ പറയുന്നത്. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ റസ്റ്റോറന്റുകളും ഇവിടെയുണ്ട്.


കെല്‍റ്റിക്, ജര്‍മന്‍ വംശജരായ ബെല്‍ജേ ഗോത്രക്കാര്‍ നിവസിച്ച ഭൂപ്രദേശമായതുകൊണ്ടാണു രാജ്യത്തിന് ബെല്‍ജിയം എന്ന പേര് ലഭിച്ചത്. റൈന്‍ നദിയുടെ പ്രവേശന പ്രദേശമായിരുന്ന ഈ ഭൂവിഭാഗം ഇപ്പോഴത്തെ നെതര്‍ലന്‍ഡ്‌സില്‍നിന്ന് 1830ല്‍ ഒരു വിപ്ലവത്തിലൂടെയാണു സ്വതന്ത്രരാജ്യമായി മാറുന്നത്. 1540ല്‍ ചാള്‍സ് അഞ്ചാമനാണു ചിതറിനിന്ന ഗോത്രവര്‍ഗക്കാരുടെ പതിനേഴു പ്രവിശ്യകളെ കൂട്ടിയോജിപ്പിച്ച് ഒരു ബര്‍ഗണ്ടിയന്‍ ഭൂപ്രദേശത്തെ ഇവിടെ സ്ഥാപിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി, ലോകത്തുള്ള പരിസ്ഥിതിസൗഹൃദ രാഷ്ട്രങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ന് ബെല്‍ജിയം ഉള്ളത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ കൊണ്ടു സമ്പന്നമായ ദേശം. മാലിന്യമായി പുറത്തുവരുന്ന എഴുപത്തിയഞ്ചു ശതമാനം വസ്തുക്കളെയും റീസൈക്കിള്‍ ചെയ്തു സമ്പത്താക്കി മാറ്റുന്ന അത്ഭുതം!
ഫ്‌ളെമിഷ്, ജര്‍മന്‍, ഫ്രഞ്ച് സാംസ്‌കാരിക വിഭാഗങ്ങളാണ് ഇവിടുത്തെ ജനത. ആഫ്രിക്കന്‍ കുടിയേറ്റക്കാരുമായി ഉണ്ടാകുന്ന ബന്ധങ്ങളില്‍ പിറക്കുന്ന സങ്കരവര്‍ഗത്തിന്റെ പുതിയ രീതികളും ഇപ്പോള്‍ ഇവിടെ കാണാം. യൂറോപ്യന്‍ യൂനിയന്റെ പിറവിക്കു പിന്നില്‍ ചാലകശക്തിയായി നിന്ന ഈ കൊച്ചുരാജ്യം വ്യാപാരവും വ്യവസായവും കൊണ്ടാണു സാമ്പത്തിക മേഖലയില്‍ ശക്തമായ സാന്നിധ്യമറിയിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ പടിഞ്ഞാറുമുഴുവന്‍ പടര്‍ന്നുപിടിച്ച വ്യാവസായിക വിപ്ലവത്തെ ആദ്യമായി വാരിപ്പുണര്‍ന്ന യൂറോപ്യന്‍ രാജ്യം ബെല്‍ജിയമായിരുന്നു. ആന്റ്‌വേര്‍പ്, ലിയേജ്, ഘെന്റ്, ഷാര്‍ലെറോയ് എന്നിവയാണു തലസ്ഥാനമായ ബ്രസല്‍സ് കഴിഞ്ഞാല്‍ ഈ രാജ്യത്തെ പ്രധാന നഗരങ്ങള്‍. ഫ്രഞ്ച്, ജര്‍മന്‍ എന്നിവയെ കൂടാതെ ഡച്ചും ഈ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ്. പൊതുവെ ഇംഗ്ലീഷിനോട് ഇവിടത്തുകാര്‍ക്ക് ആഭിമുഖ്യം കുറവാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വയസായ ഇവിടുത്തെ മനുഷ്യര്‍ക്കു ലോകത്തുള്ള ഏറ്റവും മുന്തിയ ആരോഗ്യപരിപാലനമാണു ലഭിക്കുന്നത്. ഫ്രഞ്ച് ഫ്രൈ എന്നാണു ലോകമെമ്പാടും അറിയപ്പെടുന്നതെങ്കിലും അത്തരം ഫ്രൈയുടെ ഉപജ്ഞാതാക്കള്‍ യഥാര്‍ഥത്തില്‍ ബെല്‍ജിയംകാരാണ്. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ സൈക്ലിങ്, ടെന്നീസ്, ബാസ്‌കറ്റ് ബോള്‍, നീന്തല്‍ എന്നിവയാണ് ഇവരുടെ കായികവിനോദങ്ങള്‍.


രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു പുറപ്പെട്ടപ്പോള്‍ ലഹരി നുരയുന്ന തെരുവുകളോടും, പഴമയും പുതുമയും പരസ്പരം ഇണചേര്‍ന്നു തണുപ്പിലലിഞ്ഞു കിടക്കുന്ന നഗരവീഥികളോടും യാത്രാമൊഴി ചൊല്ലാന്‍ ഏറെ വിഷമം തോന്നി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago