ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രതിലോമ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് കെ.പി.എസ്.ടി.എ
കല്‍പ്പറ്റ: പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഒരു ഡയറക്ടറേറ്റിനു കീഴില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി പുറത്തിറക്കിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനേ ഉപകരിക്കൂവെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അധ്യാപക സമൂഹത്തെ പ്രതിലോമകരമായി ബാധിക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഹയര്‍ സെക്കന്‍ഡറി സിലബസ് ലഘൂകരിച്ച് പഠനമാധ്യമം മലയാളത്തിലാക്കണമെന്ന നിര്‍ദേശം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ നിലവാരം പിന്നോട്ട് കൊണ്ടുപോകും.
എന്‍.സി.ഇ.ആര്‍.ടി സിലബസില്‍ പഠിച്ചിറങ്ങുന്ന മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളോട് മത്സരിക്കാന്‍ കഴിയാതെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ പിറകിലാകും. ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ പുനഃക്രമീകരിക്കാനുള്ള നീക്കവും അനുവദിക്കില്ല. പ്രൈമറി, ഹൈസ്‌കൂളുകളിലെ അധ്യാപകരുടെ സേവന വ്യവസ്ഥയിലെ മാറ്റങ്ങളും ആശങ്കാജനകമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് കെ.ജി ജോണ്‍സന്‍, സെക്രട്ടറി എം.എം ഉലഹന്നാന്‍, ടോമി ജോസഫ്, സുരേഷ് ബാബു വാളല്‍, പി.എസ് ഗിരീഷ്‌കുമാര്‍, എം.എം ബേബിച്ചന്‍, കെ.ഡി രവീന്ദ്രന്‍, ടി.എന്‍ സജിന്‍, കെ.ജെ ദേവസ്യ, അബ്രാഹാം കെ. മാത്യു, എം.വി രാജന്‍, പി.ജെ സെബാസ്റ്റ്യന്‍, പി. സഫ്‌വാന്‍, ജിജോ കുര്യാക്കോസ്, നവീന്‍ പോള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."