ചാരുംമൂട്-ഇടപ്പോണ്‍ റോഡ് തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍
ചാരുംമൂട്:ചാരുംമൂട്-ഇടപ്പോണ്‍ റോഡു തകര്‍ന്നത് യാത്രക്കാരെ ദുരിതത്തിലാക്കി.
കെ.പി റോഡിലെ ചാരുംമൂട് പാലമൂട് ജങ്ഷനില്‍ നിന്നും ഇടപ്പോണിലേക്ക് വേഗത്തിലെത്താന്‍ ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട റോഡായ ചാരുംമൂട് ഇടപ്പോണ്‍ റോഡാണ് മുഴുവന്‍ ടാറിംങ് ഇളകി വന്‍ കുഴികള്‍ രൂപപ്പെട്ടത്. പാലമുക്ക് മുതല്‍ ആഞ്ഞിലിമുക്കു വരെയുള്ള ഭാഗം നടുവെ പിളര്‍ത്തിയും കേബിളിനും, കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനും വേണ്ടി കുഴികളെടുത്തും നശിപ്പിച്ച നിലയിലാണ്. നൂറനാട് ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളികുന്നം,ഇടക്കുന്നംവഴി കടന്നുപോകുന്ന ഈ റോഡ് പൂര്‍ണ്ണമായും നൂറനാട് ഗ്രാമപഞ്ചായത്ത് പരിധിയിലാണ്.
എട്ടു വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് പ്രയോജനപ്പെടുത്തി ടാറിംങ് നടത്തിയതാണ്. ഈ അടുത്ത കാലത്തായി ഇതിന്റെ പുനര്‍നിര്‍മ്മാണത്തിനായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം അനുവദിച്ചതായി വാര്‍ത്തയുണ്ടെങ്കിലും ഈ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നാണ് അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞത്. ആയിരക്കണക്കിനു വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്ന ചാരുംമൂട് ഇടപ്പോണ്‍ റോഡ് സംസ്ഥാന പൊതുനിരത്തുവിഭാഗം ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."