ഭിന്നശേഷിക്കാരനായ ദലിത് യുവാവിന്റെ ലോട്ടറി ബങ്ക് പിടിച്ചെടുത്ത് നഗരസഭയുടെ ക്രൂരത
ഫറോക്ക്: വികലാംഗനായ യുവാവിന്റെ ലോട്ടറി ബങ്ക് പിടിച്ചെടുത്ത് ഫറോക്ക് നഗരസഭയുടെ ക്രൂരത. നാടാകെ അനധികൃത കച്ചവടവും പാര്‍ക്കിങ്ങും വ്യാപകമായിട്ടും ഇതിനെതിരേ ചെറുവിരല്‍ അനക്കാത്ത ഉദ്യോഗസ്ഥരാണ് ദലിത് യുവാവിന്റെ ഉപജീവനം മുട്ടിക്കാന്‍ ശ്രമിച്ചത്. കരുവന്‍തിരുത്തി പാണ്ടിപ്പാടം കൊളത്തറ വീട്ടില്‍ ദേവദാസന്റെ ഫറോക്ക് ഗവ. ഗണപത് സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ച ലോട്ടറി ബങ്കാണ് നഗരസഭ ആരോഗ്യ വിഭാഗം എടുത്തുമാറ്റിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ദേവദാസനെയും ഭാര്യയെയും കൂട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസ് ഉപരോധിച്ചു. കൈകാലുകള്‍ ശേഷിയില്ലാത്ത ദേവദാസന്‍ ഏതാനും വര്‍ഷമായി ഫറോക്കില്‍ ലോട്ടറി വില്‍പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. നാട്ടുകാര്‍ ഇടെപെട്ട് വാങ്ങി നല്‍കിയ ബങ്ക് കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ചത്. ഇന്നലെ രാവിലെ ലോട്ടറി വില്‍പനക്കെത്തിയപ്പോള്‍ ബാങ്ക് കാണതായത് അന്വേഷിച്ചപ്പോഴാണ് നഗരസഭ പിടിച്ചെടുത്തതാണെന്നറിഞ്ഞത്. വ്യാഴാഴ്ച നഗരസഭ ജെ.എച്ച്.ഐ കച്ചവടം നടത്തണമെങ്കില്‍ പണം വേണമെന്നും ഇത് നല്‍കാത്തിതിലുളള വിരോധത്തില്‍ ബങ്ക് പിടിച്ചെടുത്തതാണെന്നുമാണ് ദേവദാസന്റെ ആരോപണം. ഫറോക്ക് നഗരത്തില്‍ പലയിടത്തും പരക്കെ കൈയേറ്റമുണ്ട്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്ന രീതിയില്‍ ബസ് സ്റ്റാന്റ്, കരുവന്‍തിരുത്തി റോഡ് ജങ്ഷന്‍, കടലുണ്ടി റോഡ് ങ്ങ്ഷന്‍, രാജീവ് സ്തൂപത്തിന്റെ പരിസരം എന്നിവടങ്ങളില്‍ അനധികൃ കച്ചവടവും കൈയേറ്റവും വ്യാപകമാണ്. ഇതിനെതിരേ നിരവധി തവണ പരാതി നല്‍കിയിട്ടും അനങ്ങാത്ത അധികാരികള്‍ വികലാംഗനു നേരെ ഒറ്റ ദിവസം കൊണ്ടെടുത്ത നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒടുവില്‍ സി.ഐ എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ പൊലിസെത്തി നഗരസഭ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ബങ്ക് വിട്ടു നല്‍കാമെന്നുളള ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വൈകീട്ടോടെ ബങ്ക് യഥാസ്ഥാനത്ത് തന്നെ വീണ്ടും സ്ഥാപിച്ചു. ചര്‍ച്ചയില്‍ ഉപാധ്യക്ഷന്‍ കെ.മൊയ്തീന്‍കോയ, പി.ആസിഫ്, കെ.ടി.മജീദ്, പി. ഷിജിത്ത്, ബിജുകുട്ടന്‍, പി.കെ അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."