ലോക്‌സഭാ തെരഞ്ഞെടുപ്പും ജനപ്രതിനിധികളും
ജനസംഖ്യാ വിസ്‌ഫോടനമാണു ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നു സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു നടന്ന ഒരു കുടുംബാസൂത്രണ കാലം നമുക്കുണ്ടായിരുന്നു. അതിനാല്‍ പിറവി കുറയ്ക്കണമെന്നും അവര്‍ പറഞ്ഞു. അതിനായി പല പദ്ധതികളും ആവിഷ്‌കരിച്ചു. ഭരണാധികാരികളാകട്ടെ, 'നാം രണ്ട് നമുക്കു രണ്ട് 'എന്നു പറഞ്ഞു പരിപാടി തുടങ്ങി.
അതു ഫലം ചെയ്യുന്നില്ലെന്നു കണ്ടപ്പോള്‍ 'നാമൊന്ന്, നമുക്കൊന്ന് ' എന്നു മുദ്രാവാക്യം മാറ്റിയെഴുതി. ഇന്നിപ്പോള്‍ നാമുമില്ല നമുക്കുമില്ല എന്ന നിലയിലായിരിക്കുന്നു. പൊതുവില്‍ ലോകത്തെല്ലാവരുടെയും ആയുര്‍ദൈര്‍ഘ്യം കൂടുകയും കൗമാരക്കാരുടെ നാട്, വൃദ്ധജനങ്ങളുടെ രാഷ്ട്രമായി മാറുകയും ചെയ്യുകയാണോയെന്ന സംശയം.
നാലഞ്ചു വര്‍ഷംകൊണ്ടു ജനസംഖ്യയില്‍ ചൈനയെ ഇന്ത്യ കടത്തിവെട്ടുമെന്നു പലരും പറയുന്നുണ്ട്. സാമ്പത്തികഭദ്രത പിടിച്ചു നിര്‍ത്തുന്നതിന് തൊഴിലെടുക്കുന്ന കരങ്ങളെ കണ്ടെത്താന്‍ ചൈനയെന്ന മഹാരാജ്യം പാടുപെടുകയാണെന്നാണു വാര്‍ത്ത. നാം ബംഗാളികളെയും കര്‍ണാടകക്കാരെയുമൊക്കെ പിടിച്ചു നമ്മുടെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിക്കുന്നപോലെ ഇതരരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ കൂട്ടത്തോടെ സ്വാഗതം ചെയ്താലോയെന്നു മധുരമനോഹര ചൈന ചിന്തിക്കുന്നുണ്ടത്രേ.
അതെന്തായാലും അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 135 കോടി ജനങ്ങളെ സമത്വസുന്ദര ഭാരതത്തിലേയ്ക്കു നയിക്കാന്‍ കെല്‍പ്പുള്ള പാര്‍ലമെന്റംഗങ്ങളെ കണ്ടെത്താനുള്ള യത്‌നത്തിലാണു നാം. പതിനേഴാമത് ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴുഘട്ടങ്ങളിലായി നടക്കുകയാണ്.
ലോകത്തിനാകെ മാതൃകയായി നാം അംഗീകരിച്ച ഭരണഘടന നല്‍കുന്ന പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ ബലത്തിലാണു തെരഞ്ഞെടുപ്പ്. അതിനായി കൊച്ചുകേരളവും തയാറെടുത്തു കഴിഞ്ഞു. കേരളം ഏപ്രില്‍ 23നാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുക. മറ്റെല്ലാ സംസ്ഥാനങ്ങളിലുമെന്നപോലെ കേരളത്തിലും ഫലപ്രഖ്യാപനം ഒരു മാസത്തിനുശേഷം, മേയ് 23ന്.
അഞ്ചുവര്‍ഷം മുമ്പ് 2014 ഏപ്രില്‍ പത്തിനു നടന്ന കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടരക്കോടി വോട്ടര്‍മാരില്‍ 74 ശതമാനത്തോളം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി 12 സീറ്റ് ജയിച്ചപ്പോള്‍ രണ്ടു സ്വതന്ത്രരുള്‍പ്പെടെ എട്ടെണ്ണം സി.പി.എം നയിച്ച ഇടത് മുന്നണിക്കനുകൂലമായാണ് വിധിയെഴുതിയത്.
വിചാരിച്ചാല്‍ വനിതകള്‍ക്കു തന്നെ ഭാഗധേയം നിര്‍ണയിക്കാവുന്നതാണ് ഇന്ത്യയുടെ ഭാവി. കാരണം അവരാണല്ലോ എണ്ണത്തില്‍ കൂടുതല്‍. പതിനെട്ടു വയസ് തികഞ്ഞ പുതിയ വോട്ടര്‍മാര്‍ ഇത്തവണയും നല്ല ഒരു ശതമാനം പട്ടികയില്‍ കടന്നു വന്നിട്ടുണ്ട്. അതിലും ഭൂരിപക്ഷം സ്ത്രീകള്‍ തന്നെ.
തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ 33 ശതമാനം സ്ത്രീ സംവരണം അനുവദിച്ച് മാതൃക കാട്ടിയപ്പോഴും നിയമസഭയിലേക്കോ, ലോക്‌സഭയിലേക്കോ ആ വഴിക്കുള്ള ചിന്ത ഒരു കക്ഷിയിലും ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥിപ്പട്ടികകളിലും അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. ഇന്ത്യയാകെ വനിതാസ്ഥാനാര്‍ഥികളില്‍ എണ്ണം കൂടിയിട്ടുണ്ടെന്നു കണക്കുകള്‍ പറയുമ്പോഴും 1952 ല്‍ മൂന്നു ശതമാനമായിരുന്നത്, ഇപ്പോള്‍ ഏഴുശതമാനം വരെ മാത്രമേ എത്തിയിട്ടുള്ളു.
കഴിഞ്ഞ ലോക്‌സഭയിലെ 543 പേരില്‍ 62 പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍, കേരളത്തില്‍ നിന്നുള്ള പി.കെ ശ്രീമതി അടക്കം. മത്സരരംഗത്തുണ്ടായിരുന്ന 65 വനിതകള്‍ക്കു രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. കൂട്ടിവായിക്കാമെങ്കില്‍ കേരളത്തില്‍ ഇതിനകം നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ എട്ടു വനിതകള്‍ മാത്രമേ ജയിച്ചു കയറിയിട്ടുള്ളൂ, ആദ്യ ലോക്‌സഭയിലെ പത്തു വനിതാംഗങ്ങളില്‍ ഒരാളായിരുന്ന തിരുവനന്തപുരത്തെ ആനി മസ്‌ക്രീന്‍ മുതല്‍ ഇക്കഴിഞ്ഞ സഭയില്‍ അംഗമായിരുന്ന കണ്ണൂര്‍ക്കാരി പി.കെ ശ്രീമതി വരെ.
244 അംഗങ്ങളുള്ള രാജ്യസഭയിലാകട്ടെ വനിതാപ്രാതിനിധ്യം 28 മാത്രമാണ്. പാര്‍ലമെന്റിലാകെ സ്ത്രീകള്‍ പതിനൊന്നര ശതമാനമേയുള്ളൂവെന്നര്‍ഥം. രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും ലോക്‌സഭാ സ്പീക്കറായും സുപ്രിംകോടതി ജഡ്ജിയായും പാര്‍ട്ടി പ്രസിഡന്റുമാരായും മഹിളാമണികളെ കണ്ടെത്തിയ ജനാധിപത്യരാജ്യമാണു നമ്മുടേത്. ബേഠി ബച്ചാവോ, ബേഠി പഠാവോ മുദ്രാവാക്യങ്ങളൊക്കെ ജനിക്കുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പ്.
രാഷ്ട്രീയപ്പാര്‍ട്ടികളിലാകെ പുരുഷാധിപത്യം തുടരുമ്പോള്‍, മികവു തെളിയിക്കുന്ന വനിതകള്‍ക്കുപോലും മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുക പ്രയാസം. സ്വതന്ത്രരായി അങ്കത്തട്ടിലിറങ്ങാന്‍ സ്ത്രീജനങ്ങള്‍ക്ക് അവരുടേതായ പരിമിതികള്‍ വേറെയുമുണ്ടല്ലോ. ജാതിയും മതവുമെല്ലാം സ്ഥാനാര്‍ഥി പരിഗണനയില്‍ കയറിക്കളിക്കുമ്പോള്‍ ഇതു കൂടുതല്‍ രൂക്ഷമാകുന്നു.
പാര്‍ട്ടികള്‍ വനിതകള്‍ക്കു പ്രാമുഖ്യം നല്‍കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഓരോ തെരഞ്ഞെടുപ്പവസരങ്ങളിലും പന്നിപ്പേറുപോലെ പെറ്റുപെരുകുകയും ചെയ്യുന്നു. ഭാഗ്യത്തിന് ഇത്തവണ കേരളത്തില്‍ ഇതിനകം ആറു പേരുകള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രത്യക്ഷപ്പെട്ടു കാണുന്നുണ്ട്. അവരില്‍ എത്ര പേര്‍ക്കു ജയസാധ്യതയുണ്ടെന്നു കണ്ടറിയണം.
കഴിഞ്ഞ രണ്ടരമാസത്തിനകം, ഇരുന്നൂറോളം പാര്‍ട്ടികളാണു രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയതെന്നു ഔദ്യോഗികമായി പ്രസ്താവിക്കപ്പെടുകയുണ്ടായി. ഇതോടെ പാര്‍ട്ടികള്‍ 2372 ആയി. രജിസ്‌ട്രേഷന്‍ നേടിയിട്ടും അംഗീകാരം ലഭിക്കാതെപോയ പാര്‍ട്ടികള്‍ 2301. ബി.ജെ.പി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.ഐ, സി.പി.എം, എന്‍.സി.പി എന്നീ ഏഴു കക്ഷികള്‍ക്കു മാത്രമാണു ദേശീയാംഗീകാരമുള്ളത്. സംസ്ഥാന പാര്‍ട്ടികളായി അംഗീകാരമുള്ളതു 64 പാര്‍ട്ടികള്‍ക്ക് മാത്രമാണ് കേരളത്തിലെ ജനതാദള്‍ എസും, മുസ്‌ലിംലീഗും, കേരള കോണ്‍ഗ്രസും, ആര്‍.എസ്.പിയും ഇതില്‍പെടുന്നു.
അഴിമതി നിവാരണം, തൊഴില്‍ ലഭ്യത, ജലസൗകര്യം, ആരോഗ്യസംരക്ഷണം കാര്‍ഷിക വായ്പ, ഗതാഗത സൗകര്യം തുടങ്ങിയവയൊക്കെ അവകാശങ്ങളായിക്കണ്ടാണു ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതെന്നു നമുക്കറിയാം. സ്ത്രീശാക്തീകരണം മുതല്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടംവരെ വോട്ട് ചെയ്യാന്‍ വരിനില്‍ക്കുന്നവരുടെ മനസുകളിലേയ്ക്കു നേതാക്കള്‍ കടത്തിവിടാറുണ്ട്.
എന്നാല്‍, ഒരാള്‍ക്ക് ഒരു വോട്ടെന്നു നിയമം പറയുമ്പോഴും ഓരോ സംസ്ഥാനത്തും വോട്ടിന്റെ മൂല്യത്തില്‍ ഏറ്റക്കുറച്ചില്‍ ഏറെയാണ്. ഇതു നിയോജകമണ്ഡലങ്ങളിലും പ്രതിഫലിക്കുന്നതു സ്വാഭാവികം. പത്തുലക്ഷം പേര്‍ക്ക് ഒരു മണ്ഡലമെന്ന നിലയ്ക്കാണു നമ്മുടെ കണക്കെങ്കിലും അവിടെ ഓരോയിടത്തും വോട്ടര്‍മാരുടെ എണ്ണം ആറുലക്ഷത്തില്‍ കുറവാണ്. അതേസമയം, തെലങ്കാനയിലെ 32 ലക്ഷം വോട്ടര്‍മാര്‍ക്ക് മല്‍കാജ് ഗിരി എന്ന ഒരൊറ്റ നിയോജകമണ്ഡലമേയുള്ളു.
അരലക്ഷം വോട്ടര്‍മാര്‍ മാത്രമുള്ള ലക്ഷദ്വീപിന് ഒരു എം.പിയെ തെരഞ്ഞെടുത്തയക്കാനും കഴിയും. ഫലത്തില്‍, ഒരു ലക്ഷദ്വീപുകാരന്റെ വോട്ടിനു മല്‍കാജ് ഗിരിയിലെ 64 വോട്ടിന്റെ വിലയുണ്ട്. മൂന്നുലക്ഷം വോട്ടര്‍മാരുണ്ടായിട്ടും ഡല്‍ഹിക്കുപോലും കിട്ടാത്ത സൗഭാഗ്യം. ഭാഗ്യത്തിനു കേരളത്തിലെ ഒരു വോട്ടിനു ദേശീയ ശരാശരിയുടെ ഒന്നേകാല്‍ ഇരട്ടി മൂല്യമുണ്ടെന്ന് നമുക്കു അഭിമാനിക്കാമെന്നു മാത്രം.
ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതികള്‍ വരുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മാത്രമേ ജനാധിപത്യം ശരിയായ അര്‍ഥത്തില്‍ വിജയിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."