പുതിയ റേഷന്‍കാര്‍ഡ് മെയ് ആദ്യത്തില്‍
മലപ്പുറം: ജില്ലയില്‍ അടുത്ത മാസം ആദ്യത്തോടെ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുതുടങ്ങും. വിതരണത്തിനുള്ള ഷെഡ്യൂള്‍ തയാറാക്കാന്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ജില്ലാ സപ്ലൈ ഓഫിസര്‍ നിര്‍ദേശം നല്‍കി. ജൂണില്‍ പുതിയ റേഷന്‍ കാര്‍ഡിലാകും റേഷന്‍ അനുവദിക്കുക. അച്ചടി പൂര്‍ത്തിയാക്കിയ റേഷന്‍ കാര്‍ഡുകള്‍ ഓരോ റേഷന്‍ കടകള്‍ക്കും പ്രത്യേകം കെട്ടാക്കി തിരിച്ചാണ് എത്തിക്കുക.
പുതിയ റേഷന്‍ കാര്‍ഡ് വൈകിയതു ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തില്‍ പെട്ടന്നുതന്നെ വിതരണം നടത്താനാണ് തീരുമാനം. രണ്ടു വര്‍ഷം മുന്‍പാരംഭിച്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി 2016 ഒക്ടോബര്‍ 20നായിരുന്നു മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങളുടെ പ്രഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ നിരവധി പരാതികളാണ് ഉയര്‍ന്നത്.
ആദിവാസികളും നിര്‍ധനരുമായ നിരവധി പേര്‍ അര്‍ഹരുടെ പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ അനര്‍ഹരായ നിരവധിപേര്‍ ലിസ്റ്റില്‍ കയറിക്കൂടുകയും ചെയ്തു. തുടര്‍ന്നു റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വെരിഫിക്കേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടികയ്ക്കു തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം വാങ്ങുന്ന നടപടികളും ഏറെ വൈകിയാണ് പൂര്‍ത്തിയായത്.
അന്തിമ പട്ടികയില്‍ അനര്‍ഹരായവര്‍ വീണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണസമിതിയോഗം ചേരുന്നതിനും ഗുണഭോക്തൃ പട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, അനര്‍ഹരെ ഒഴിവാക്കുന്നതിലേറെ അര്‍ഹരെ ഉള്‍പ്പെടുത്താനുള്ള ആവശ്യങ്ങളാണ് വാര്‍ഡ് സഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിച്ചത്. പലതവണ സമയം നീട്ടിനല്‍കിയിട്ടും ജില്ലയിലെ ചുരുക്കം പഞ്ചായത്തുകള്‍ മാത്രമാണ് പട്ടികയ്ക്ക് അംഗീകരം നല്‍കിയത്. തുടര്‍ന്നു മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക അംഗീകരിച്ചതായി കണക്കാക്കുകയായിരുന്നു. ഏപ്രില്‍ മുതല്‍ പുതിയ റേഷന്‍കാര്‍ഡ് വഴി ധാന്യവിതരണം നടത്താനാകുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി ആദ്യം പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."