യു.പിയില്‍ പൊലിസുകാരെ വധിച്ച സംഭവം ഒടുവില്‍ വികാസ് ദുബെ പിടിയില്‍
ലക്‌നൗ: കാണ്‍പൂരില്‍ റെയ്ഡിനെത്തിയ എട്ടു പൊലിസുകാരെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയും ഗുണ്ടാനേതാവുമായ വികാസ് ദുബെ ഒടുവില്‍ പൊലിസ് പിടിയില്‍. മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ പ്രശസ്തമായ മഹാകല്‍ ക്ഷേത്രത്തില്‍നിന്നാണ് ഇന്നലെ രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ സഹായിയെ പൊലിസ് വെടിവച്ചു കൊന്നിരുന്നു. ഇതിനു പിന്നാലെ നടത്തിയ വ്യാപക തിരിച്ചിലിനിടെയാണ് അറസ്റ്റുണ്ടായത്.
ദുബെയുടെ കൂടെയുണ്ടായിരുന്നു രണ്ടു സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ ഫോണിലൂടെ സംസാരിക്കുകയും പൊലിസിനെ അഭിനന്ദിക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ ദുബെയെ അവിടത്തെ കടക്കാരന്‍ തിരിച്ചറിയുകയും പൊലിസിനു വിവരം നല്‍കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയായിരുന്നു ഉത്തര്‍പ്രദേശ് പൊലിസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ഈ മാസം മൂന്നിന് കാണ്‍പൂരിലെ ഇയാളുടെ സങ്കേതത്തില്‍ റെയ്ഡിനെത്തിയ ഡിവൈ.എസ്.പിയടക്കമുള്ള എട്ടു പൊലിസുകാരെ ഗുണ്ടാ സംഘം വെടിവച്ചു കൊന്നിരുന്നു. ഇതു വലിയ വിവാദമാകുകയും ദുബെ മുങ്ങുകയും ചെയ്തതോടെ പൊലിസ് വ്യാപക അന്വേഷണവും ആരംഭിച്ചിരുന്നു. പൊലിസ് റെയ്ഡിനെക്കുറിച്ച് ഇയാള്‍ക്കു വിവരം നല്‍കിയ ചൗബേയ്പൂര്‍ സ്റ്റേഷനിലെ ഇന്‍ചാര്‍ജടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ബാക്കി 68 പേരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ഉപയോഗിച്ചത് വ്യാജ ഐഡി കാര്‍ഡ്
ഭോപ്പാല്‍: കാണ്‍പൂരില്‍ പൊലിസുകാരെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതി വികാസ് ദുബെ ഉജ്ജയ്‌നിലെ ക്ഷേത്രത്തില്‍ പ്രവേശിച്ചത് വി.ഐ.പി പാസിലെന്ന് മധ്യപ്രദേശ് പൊലിസ്.
ദുബെയുടെ അറസ്റ്റിന് പിന്നാലെ യു.പിയില്‍നിന്ന് ഇയാളുടെ ഭാര്യയേയും മകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലാകുന്നതിനു മുന്‍പ് റോഡ് മാര്‍ഗം ഇയാള്‍ 700 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുമുണ്ട്.
വ്യാജ മേല്‍വിലാസത്തില്‍ ഈ ആറു ദിവസത്തിനിടെ നാലു സംസ്ഥാനങ്ങളില്‍ ദുബെ എത്തിയതായാണ് വിവരം. യു.പി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ദുബെ മധ്യപ്രദേശിലെത്തിയത്.
ക്ഷേത്രത്തില്‍വച്ച് പൊലിസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം വ്യാജ ഐ.ഡി കാര്‍ഡ് കാണിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് പിടികൂടുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ താന്‍ വികാസ് ദുബെയാണെന്നു പൊലിസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ, പൊലിസ് ഇയാളെ അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."