ബി.ജെ.പി പ്രകടനപത്രിക വാഗ്ദാനലംഘനങ്ങള്‍ മറച്ചുവയ്ക്കാന്‍: ബൃന്ദാ കാരാട്ട്
തിരുവനന്തപുരം: ബി.ജെ.പി പ്രകടന പത്രികയില്‍ രാമക്ഷേത്രവും ശബരിമലയുമൊക്കെ നിറച്ചുവച്ചിരിക്കുന്നത് വാഗ്ദാന ലംഘനങ്ങള്‍ മറച്ചുവയ്ക്കാനാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളെല്ലാം കപടമായിരുന്നുവെന്ന് ജനത്തിന് ബോധ്യപ്പെട്ടതായും കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച 'ഇന്ത്യന്‍ വോട്ട് വര്‍ത്തമാനങ്ങള്‍' എന്ന മുഖാമുഖം പരിപാടിയില്‍ അവര്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് വര്‍ഗീയത നിറച്ചുള്ള വാഗ്ദാനങ്ങളുമായി ആര്‍.എസ്.എസും ബി.ജെ.പിയും വീണ്ടും ജനങ്ങളെ സമീപിക്കുന്നത്. കേരളത്തിലെ 20 സീറ്റിലും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ ജയിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ സംരക്ഷണ കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. ആര്‍.എസ്.എസ്- ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് തുരങ്കം വയ്ക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ എസ.്പി- ബി.എസ്.പി- ആര്‍.എല്‍.ഡി സഖ്യമാണ് ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയുമായി രംഗത്തുള്ളത്. ഈ സഖ്യത്തില്‍ കോണ്‍ഗ്രസിനെയും ഒപ്പംകൂട്ടാനുള്ള എല്ലാ ശ്രമങ്ങളും ഈ കക്ഷികള്‍ ഒറ്റയ്ക്കും കൂട്ടായും നടത്തി. ഇതിനെയെല്ലാം തുരങ്കംവച്ച് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മുസ്‌ലിം ലീഗിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടു. എല്ലാ തീവ്രവാദി വിഭാഗങ്ങളുമായും സഹകരിക്കുന്ന പാര്‍ട്ടിയായി ലീഗ് മാറിയെന്നും ബൃന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."