ഡോക്ടറാവാനുള്ള ഫെമിനയുടെ മോഹം യാഥാര്‍ഥ്യത്തിലേക്ക്
മണ്ണാര്‍ക്കാട്: വൈകിയറിഞ്ഞ ഫലത്തിലും.... ഡോക്ടറാവാനുള്ള ഫെമിനയുടെ മോഹം യാഥാര്‍ഥ്യത്തിലേക്ക്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 133ാം റാങ്ക് നേടിയ മണ്ണാര്‍ക്കാട് കുളപ്പാടം സ്വദേശിനി ഫെമിനക്ക് ആദ്യ അലോട്മെന്റില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചു. കുളപ്പാടം മച്ചിങ്ങല്‍ മുഹമ്മദാലി - സെക്കീന ദമ്പതികളുടെ നാലുമക്കളില്‍ മൂന്നാമത്തെതാണ് ഫെമിന. പ്രാരാബ്തങ്ങള്ക്കിടയിലും മകള്‍ നേടിയ റാങ്കിന് ദൈവത്തോട് നന്ദി പറയുകയാണ് മുഹമ്മദാലിയും കുടുംബവും. കൂലിപ്പണിയെടുത്താണ് മുഹമ്മദാലി മക്കളെ പഠിപ്പിക്കുന്നത്. ഡോക്ടറാവാന്‍ കൊതിച്ച് പഠിക്കാനിറങ്ങിയ ഫെമിനക്ക് ആദ്യ തവണത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ 1577ാം റാങ്കാണ് ലഭിച്ചത്. നിശ്ചയ ദാര്‍ഡ്യവും, ആത്മവിശ്വാസവും കൈമുതലാക്കി മുന്നേറിയ ഫെമിന രണ്ടാം തവണയില്‍ നേടിയ റാങ്കിന് പത്തരമാറ്റ് തിളക്കമാണ്. എന്നാല്‍ സാധാരണ കുടുംബത്തിലെത്തിയ റാങ്ക് വിവരം പോലും പുറത്തറിയാന്‍ വൈകി. പ്രാര്‍ഥനയും, പ്രതീക്ഷയും പോലെ ആദ്യ അലോട്ട്മെറ്റില് തന്നെ മെറിറ്റ് സീറ്റില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടാനായതും ഫെമിനയുടെ കുടുംബത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരമായി. മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സിയും, പ്ലസ്ടുവും പഠിച്ചത്. പാലയിലെ സ്വകാര്യ കോച്ചിങ് സെന്ററിലാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നടത്തിയത്. ഫെമിനയുടെ മൂത്ത സഹോദരി തസ്ലീമ വിവാഹിതയാണ്. സഹോദരന് അജ്മല്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആസ്പത്രിയില്‍ അക്കൗണ്ടന്റാണ്. സഹോദരി ജിബിന പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."