പൊന്നാനിയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം
പൊന്നാനി: നഗരസഭാ കൗണ്‍സിലില്‍ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം കൗണ്‍സിലര്‍മാരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പൊന്നാനി നഗരസഭയില്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ദേശീയപാത ഉപരോധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരസഭ കാര്യാലയം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല.
നഗരസഭയിലെ പ്രതിപക്ഷാംഗങ്ങളെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് യു.ഡി.എഫ് പൊന്നാനിയില്‍ ഹര്‍ത്താല്‍ ആചരിച്ചത്. രാവിലെ പൊന്നാനി ബസ് സ്റ്റാന്‍ഡില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുള്‍പ്പെടെ തടഞ്ഞിട്ടു. തുടര്‍ന്ന് നഗരസഭാ കാര്യാലയത്തിലെത്തിയ ജീവനക്കാരെ പുറത്താക്കി ഓഫിസ് പൂട്ടിച്ചു. സ്ഥലത്തെത്തിയ പൊലിസിനു നേരെയും മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ ഒടുവില്‍ നേതാക്കളെത്തിയാണ് ശാന്തരാക്കിയത്.
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ദേശീയപാതയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ കുണ്ടുകടവ് ജങ്ഷനില്‍ ഡിവൈഡര്‍ ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തിയവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ അക്രമാസക്തമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ പൊലിസ് സംഘത്തെ എല്ലായിടത്തും വിന്യസിച്ചിരുന്നു.
പലയിടത്തും സമരാനുകൂലികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ച ശേഷമാണ് വാഹനങ്ങളെ പോകാന്‍ അനുവദിച്ചത്. കുണ്ടുകടവ് പുത്തന്‍പള്ളി റൂട്ടില്‍ കുണ്ടുകടവ് പാലത്തിന് സമീപം ബസുകള്‍ സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമായി. വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
കൗണ്‍സിലില്‍ ഉണ്ടായ കൈയാങ്കളിയില്‍ നാല് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റിരുന്നു. നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ വി.പി, ഹുസൈന്‍കോയ തങ്ങള്‍, എം.പി ലത്തീഫ്, അഹമ്മദ് ബാഫഖി, യു.മുനീബ്, പ്രസാദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."