ജില്ലാ പൊലിസിന്റെ ആധുനിക ചോദ്യം ചെയ്യല്‍ മുറി തുറന്നു
കാസര്‍കോട്: പ്രതികളെ ആധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെ ചോദ്യം ചെയ്യുന്നതിനായി ജില്ലാ പൊലിസ് ഒരുക്കിയ സയന്റിഫിക് ഇന്ററോഗേഷന് റൂം ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലിസ് ആസ്ഥാനത്ത് ഒരുക്കിയ സയന്റിഫിക് ഇന്ററോഗേഷന് റൂം ജില്ലാ പോലിസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു.
ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന എസ്.എം.എസ് ഡിവൈ.എസ്.പി കെ ഹരിശ്ചന്ദ്ര നായിക് അധ്യക്ഷനായി. സബ് ഡിവിഷന് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അസൈനാര്‍, അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പി ടി.പി പ്രേമരാജന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സിനി ഡെന്നീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പൊലിസ് ആസ്ഥാനത്ത് സംസ്ഥാന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സയന്റിഫിക് ഇന്ററോഗേഷന് റൂം തയാറാക്കിയത്. കൊച്ചി മേഖലാ ഐ.ജി പി വിജയന് ആണ് ചോദ്യം ചെയ്യല്‍ മുറി രൂപകല്പന ചെയ്തത്. സംസ്ഥാനത്തെ നാലാമത്തെ സയന്റിഫിക് ഇന്ററോഗേഷന് റൂമാണു ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ജില്ലയിലെ ഏതു പൊലിസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത ഗൗരവപ്പെട്ട കേസുകളിലെ പ്രതികളെ ഈ കേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ജില്ലയിലുണ്ട്.
ആധുനിക രീതിയിലുളള ചോദ്യം ചെയ്യല്‍ മുറിയില്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി മുതിര്‍ന്ന പൊലിസുദ്യോഗസ്ഥര്‍ക്ക് അതാതുസമയം ബന്ധപ്പെടാനുളള ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യല്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഉദ്യോഗസ്ഥര്‍ക്കു കാണാനും നിരീക്ഷിക്കാനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."