ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണം; അനധികൃത പ്രസ് ബോര്‍ഡുകള്‍ക്കെതിരേയും നടപടി
തിരുവനന്തപുരം: ബീക്കണ്‍ലൈറ്റും പ്രസ് ബോര്‍ഡുകളും പ്രസ് സ്റ്റിക്കറുകളും ദുരുപയോഗം ചെയ്യുന്നതു തടയാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍വാഹനവകുപ്പ്. ഐ.എ.എസ് പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക വാഹനങ്ങളില്‍ ബീക്കണ്‍ലൈറ്റ് ഘടിപ്പിക്കാന്‍ അനുവാദമുണ്ടെങ്കിലും ഡെപ്യൂട്ടേഷനിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളില്‍ ബീക്കണ്‍ലൈറ്റ് ഘടിപ്പിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണം ലംഘിച്ച് ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. പദവിയൊഴിഞ്ഞാലും മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുടെ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ദുരുപയോഗം ചെയ്യുന്നവരേയും കണ്ടെത്തും. വാഹനങ്ങളില്‍ അനധികൃതമായി അനര്‍ഹര്‍ പ്രസ് ബോര്‍ഡുകളും സ്റ്റിക്കറും പതിച്ച് യാത്ര ചെയ്യുന്നതിനെതിരേയും നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ വ്യാപകപരിശോധനയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന പതാകപോലും ദുരുപയോഗം ചെയ്യപ്പെടുന്നതായി മോട്ടോര്‍വാഹനവകുപ്പിന്റെ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.
രാജ്ഭവന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വാഹനനമ്പര്‍ പ്രദര്‍ശിപ്പിക്കാതെ കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ്‌വച്ച് സഞ്ചരിക്കുന്ന വാഹനങ്ങളും കണ്ടെത്തിയിരുന്നു. കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വയ്ക്കാന്‍ നിയമപരമായി മന്ത്രിമാര്‍ക്ക് മാത്രമേ അധികാരമുള്ളൂ. ഈ സാഹചര്യത്തില്‍ ഏതൊക്കെ പദവിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കൊക്കെ സര്‍ക്കാര്‍ ബോര്‍ഡും ബീക്കണ്‍ലൈറ്റും ഘടിപ്പിക്കാന്‍ അധികാരമുണ്ടെന്നതിനെക്കുറിച്ചു വ്യക്തമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ ഓപ്പറേഷന്‍ ബോസ് എന്നു പേരിട്ട പദ്ധതിയിലൂടെ മോട്ടോര്‍വാഹനവകുപ്പ് തയാറെടുക്കുകയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും അനധികൃതമായി മറ്റു പലരും ദുരുപയോഗം ചെയ്യുന്നതു തടയുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി.
സാമൂഹികവിരുദ്ധരും നിയമലംഘകരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അര്‍ഹരായവര്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇക്കാര്യത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങളും ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഇത്തരം ബോര്‍ഡുകള്‍ അനുവദിച്ചതെന്നും വ്യക്തമാക്കാനാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി, പബ്‌ളിക് റിലേഷന്‍സ് സെക്രട്ടറി എന്നിവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി കത്ത് നല്‍കി. അനധികൃതമായി പ്രസ് സ്റ്റിക്കറുകള്‍ പതിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും തച്ചങ്കരി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."