പുന്നോലില്‍ കടലാക്രമണം രൂക്ഷം
തലശ്ശേരി: മഴ തിമര്‍ത്ത് പെയ്തതോടെ പുന്നോല്‍ പെട്ടിപ്പാലം ലിമിറ്റ് ഭാഗത്ത് കടലാക്രമണം രൂക്ഷമായി. മൂന്നുദിവസങ്ങളിലായി ഇവിടെ അനുഭവപ്പെട്ട രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്നു മാക്കൂട്ടം ലിമിറ്റിലെ പ്രസ് വളപ്പില്‍ സാദിഖ്, ഫാത്തിമ, ശാന്ത, മധു, ആസിയ, നാരായണി എന്നിവരടക്കം പതിമൂന്നോളം പേരുടെ വീടുകളിലാണു കടല്‍വെള്ളം കയറി നാശനഷ്ടമുണ്ടായത്. സാദിഖിന്റെ വീടിനാണു കടല്‍വെള്ളം കയറി നാശനഷ്ടം സംഭവിച്ചത്. മറ്റു വീടുകളിലേക്കു വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്നു ചുവരുകള്‍ വീണ്ടുകീറിയ നിലയിലുമാണ്. കടലാക്രമണത്തോടെപ്പം തന്നെ വൈദ്യുതിയും നിലച്ചതിനാല്‍ പ്രദേശത്തുകാരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫായി. തങ്ങളുടെ നിസഹായാവസ്ഥ പുറത്തുള്ളവരെ അറിയിക്കാന്‍ പോലും കഴിയാത്ത ദുരിതാവസ്ഥയിലുമാണു പ്രദേശവാസികള്‍.
മൂന്നുദിവസമായി തുടരുന്ന കടലാക്രമണം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും അന്വേഷിച്ച് എത്തിയില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. തലായിയില്‍ പുതിയ ഹാര്‍ബര്‍ പണിതതിന്റെ ഭാഗമായി നിര്‍മിച്ച പുലിമുട്ട് ലിമിറ്റ്, ഇന്ദിരാഗാന്ധി പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് ഇടയാക്കുമെന്ന ആശങ്ക നേരത്തെ തന്നെ ദേശവാസികള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയതയുടെ ഫലമായി തലശ്ശേരി ജനറല്‍ ആശുപത്രിക്ക് പിന്‍ഭാഗം വരെ തിരമാലകള്‍ രൂക്ഷമായി ഇരച്ചുകയറുമെന്നും തീരദേശവാസികള്‍ പലതവണ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ കടലാക്രമണം തടയുന്നതിന് ആറു പുലിമുട്ടുകള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ രണ്ടുപുലിമുട്ടുകള്‍ മാത്രമാണ് ഇവിടെ നിര്‍മിച്ചത്. രൂക്ഷമായ കടലാക്രമണം തീരദേശ വാസികളെ ഭയത്തിന്റെ മുള്‍മുനയിലാക്കി. ഇന്നലെ വൈകിട്ടോടെ തഹസില്‍ദാര്‍ പി.കെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."