റെയില്‍വേ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ക്ക് കൈകോര്‍ത്ത് മൈക്രോസോഫ്റ്റ്
തിരുവനന്തപുരം: ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ രാജ്യത്തുടനീളം ബന്ധപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ മൈക്രോ സോഫ്റ്റുമായി കൈകോര്‍ക്കുന്നു. റെയില്‍വേയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ നിന്നും റെയില്‍വേ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഇനി മൈക്രോ സോഫ്റ്റിന്റെ 'കൈസാല' ആപ്പുവഴി ലഭ്യമാക്കും.
ഈ ആപ്പ് ഉപയോഗിച്ച് റെയില്‍വേ ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷക്ക് വേണ്ടി അടുത്തുള്ള രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരെയും എം പാനല്‍ ചെയ്തിട്ടുള്ള രോഗ നിര്‍ണയ കേന്ദ്രങ്ങളെയും വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇതോടൊപ്പം ഡോക്ടര്‍മാരുടെ അപ്പോയിന്മെന്റുകള് ബുക്ക് ചെയ്യുന്നതിനും രോഗനിര്‍ണയം, ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവ ഈ ആപ്പ് വഴി സേവ് ചെയ്യാനും കഴിയും.
തിരക്കേറിയ ജോലിക്കിടയില്‍ ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേ ഇത്തരത്തില്‍ ഒരു ആപ്പിലൂടെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സി.പി.ആര്, പൊതുവായ പ്രാഥമിക വൈദ്യ സഹായം, പ്രതിരോധ കുത്തിവയ്പുകള്‍, വാക്സിനേഷന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവബോധവും ഇതിലൂടെ ജീവനക്കാര്‍ക്ക് റെയില്‍വേ ലഭ്യമാക്കും. കൈസാല ഗ്രൂപ്പിലുള്ള ഡോക്ടര്‍മാര്‍ക്ക് ജീവനക്കാരുടെ മെഡിക്കല്‍ ചരിത്രം കാണാനും കേസ് ഷീറ്റുകള്‍ പരിശോധിച്ച് യഥാസമയം തീരുമാനമെടുക്കാനും ഇതിലൂടെ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."