വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലിസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. 2010ല്‍ യു.എസ് സര്‍ക്കാരിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാന്‍ജ്, 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു.
സ്വീഡനില്‍ പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു ലണ്ടനിലെത്തിയ അസാന്‍ജിന് എംബസി അഭയം നല്‍കുകയായിരുന്നു. പീഡനക്കേസ് പിന്നീട് റദ്ദാക്കിയിരുന്നു. സ്വീഡനിലേക്കു നാടുകടത്തുന്നത് ഒഴിവാക്കാനായിരുന്നു അഭയം തേടല്‍. രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ യു.എസിലേക്കു നാടുകടത്താന്‍ സാധ്യതയുണ്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു മെട്രോപൊളിറ്റന്‍ പൊലിസ് പറഞ്ഞു.
അസാന്‍ജിനെതിരേ കോടതി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് അഭയം നല്‍കുന്നതില്‍നിന്ന് ഇക്വഡോര്‍ എംബസി അധികൃതര്‍ പിന്‍മാറി. അറസ്റ്റ് ചെയ്ത ശേഷം സെന്‍ട്രല്‍ ലണ്ടന്‍ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ അസാന്‍ജിനെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.
അസാന്‍ജിന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് രംഗത്തെത്തി. അസാന്‍ജ് പൊലിസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം ശരിയായ രീതിയില്‍ വിചാരണ നേരിടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് അസാന്‍ജിന് അഭയം നല്‍കുന്നതില്‍നിന്നു പിന്‍മാറിയതെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മെറേനോ പറഞ്ഞു. വധശിക്ഷ വിധിക്കുന്ന രാജ്യത്തേക്ക് അസാന്‍ജിനെ നാടുകടത്തരുതെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ പരിധി അദ്ദേഹം ലംഘിച്ചെന്നും ഇതിനെ തുടര്‍ന്നാണ് ഇക്വഡോറിന്റെ നടപടിയെന്നും മെറേനോ പറഞ്ഞു.
മെറേനോയുടെ വ്യക്തി വിവരങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടതോടെയാണ് ഇക്വഡോര്‍ പ്രസിഡന്റുമായുള്ള അസാന്‍ജിന്റെ ബന്ധം വഷളായത്.
എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ അസാന്‍ജിനുള്ള അഭയം പിന്‍വലിച്ച ഇക്വഡോര്‍ നടപടി അനധികൃതമാണെന്ന് വിക്കിലീക്‌സ് പറഞ്ഞു. രഹസ്യ രേഖകളും ചിത്രങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2006ലാണ് അസാന്‍ജ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്.
വിക്കിലീക്‌സ് പ്രസിദ്ധീകരിച്ച ഇറാഖ് യുദ്ധത്തില്‍ യു.എസ് സൈന്യം സിവിലിയന്മാരെ കൊലപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ യു.എസ് രഹസ്യാന്വേഷണ വിദഗ്ധ ചെല്‍സി മാനിങ്ങിനെ 70,00,000 രഹസ്യ രേഖകള്‍ കൈമാറിയതിന് 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. അസാന്‍ജിനെതിരേ കുറ്റം ചുമത്തിയതായി അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വെര്‍ജീനിയയിലെ അലക്‌സാന്‍ഡ്രിയ ഡിസ്ട്രിക്ട് കോടതിയില്‍ കുറ്റം ചുമത്തിയിട്ടുള്ളതായി യു.എസ് നീതിന്യായ വകുപ്പിലെ അസിസ്റ്റന്റ് അറ്റോര്‍ണി കെല്ലന്‍ ഡൈ്വയര്‍ വെളിപ്പെടുത്തിയതു വിവാദമായിരുന്നു. മറ്റൊരു കേസിന്റെ രേഖകളോടൊപ്പം അസാന്‍ജിന്റെ കേസിന്റെ വിവരങ്ങളും അബദ്ധത്തില്‍ നല്‍കുകയായിരുന്നു. ഈ രേഖകള്‍ അസാന്‍ജ് അറസ്റ്റിലാകുന്നതുവരെ പുറത്തുവിടരുതെന്നു കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് എന്തു കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."